'വെറുക്കുന്നവര്‍ക്ക് വെറുക്കാം, പക്ഷേ'; 'മണിയറയിലെ അശോകനെ'ക്കുറിച്ച് ദുല്‍ഖര്‍

Published : Sep 02, 2020, 10:40 AM IST
'വെറുക്കുന്നവര്‍ക്ക് വെറുക്കാം, പക്ഷേ'; 'മണിയറയിലെ അശോകനെ'ക്കുറിച്ച് ദുല്‍ഖര്‍

Synopsis

സംവിധായകനുള്‍പ്പെടെ ഒട്ടേറെ നവാഗതര്‍ ഒരുമിച്ച ചിത്രമാണ് മണിയറയിലെ അശോകന്‍

ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മ്മാണക്കമ്പനിയായ വേഫയറര്‍ ഫിലിംസിന്‍റേതായി ആദ്യം റിലീസ് ചെയ്യപ്പെട്ട ചിത്രം അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' ആയിരുന്നു. പക്ഷേ അവരുടെ ആദ്യ അനൗണ്‍സ്‍മെന്‍റ് അതായിരുന്നില്ല. ഡയറക്ട് ഒടിടി റിലീസ് ആയി തിരുവോണദിനത്തില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യപ്പെട്ട 'മണിയറയിലെ അശോകനാ'ണ് വേഫയറര്‍ ഫിലിംസ് ആദ്യം പ്രഖ്യാപിച്ച ചിത്രം. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ മാത്രമല്ല ലഭിച്ചത്. ഒരുവിഭാഗം പ്രേക്ഷകര്‍ ചിത്രം തങ്ങള്‍ക്ക് ഇഷ്ടമായെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരു വിഭാഗം പടം പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെന്നും പറഞ്ഞു. എന്നാല്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ ജനപ്രീതി നേടിയ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

നെറ്റ്ഫ്ളിക്സിന്‍റെ ഇന്ത്യ ട്രെന്‍റിംഗ് ലിസ്റ്റില്‍ ചിത്രം ഇന്ന് രണ്ടാംസ്ഥാനത്താണെങ്കില്‍ ഇന്നലെ ഒന്നാം സ്ഥാനത്ത് ആയിരുന്നു. അതിലുള്ള സന്തോഷം നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചു. ഇന്ത്യയ്ക്കൊപ്പം യുഎഇയിലും ചിത്രം സിനിമകളുടെ ട്രെന്‍റിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയ കാര്യവും ദുല്‍ഖര്‍ അറിയിച്ചു. സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചില ഹാഷ്‍ടാഗുകളും ദുല്‍ഖര്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 'വെറുക്കുന്നവര്‍ക്ക് വെറുക്കാം' #haterscanhate എന്നതാണ് അതിലൊന്ന്.

സംവിധായകനുള്‍പ്പെടെ ഒട്ടേറെ നവാഗതര്‍ ഒരുമിച്ച ചിത്രമാണ് മണിയറയിലെ അശോകന്‍. സംവിധായകന്‍ ഷംസു സൈബയെ കൂടാതെ ഛായാഗ്രാഹകന്‍ സജാദ് കാക്കു, രചയിതാക്കളായ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീതസംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരുടെയും ആദ്യചിത്രമാണ് ഇത്. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍