'അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല'; ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് മഞ്ജു വാര്യര്‍

By Web TeamFirst Published Jan 6, 2020, 3:04 PM IST
Highlights

പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്ന് പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്ന്...

തിരുവനന്തപുരം: ഞായറാഴ്ച ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമുണ്ടായ സംഭവത്തെ അപലപിച്ച് നടി മഞ്ജൂ വാര്യര്‍. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്ന് പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. 

ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. 

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍.  സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവവിഭവശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്തായി. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്. 

അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.

 

 

click me!