'മരട് 357' സിനിമയുടെ റിലീസ് തടഞ്ഞ സംഭവം; ഹൈക്കോടതിയെ സമീപിക്കുമെന്ന് അണിയറ പ്രവർത്തകർ

By Web TeamFirst Published Feb 18, 2021, 3:07 PM IST
Highlights

ഈ മാസം 19ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണ് മരട് 357. ജയറാം നായകനായ 'പട്ടാഭിരാമന്' ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രവുമാണ്. 

കൊച്ചി: മരട് 357 സിനിമയുടെ റിലീസിങ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്ന ഫ്ലാറ്റ് നിർമാതാക്കളുടെ ഹർജിയിലായിരുന്നു മുൻസിഫ് കോടതിയുടെ നടപടി. 

സിനിമയിൽ ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപെടുത്തുന്ന രംഗങ്ങളില്ലെന്ന് സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. മരട് ഫ്ലാറ്റ് പൊളിച്ചതിലൂടെ ജീവിതം പ്രതിസന്ധിയിലായ ആളുകളെ കേന്ദ്രീകരിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

കഴിഞ്ഞ ​ദിവസമാണ് എറണാകുളം മുൻസിഫ് കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്നായിരുന്നു ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

ഈ മാസം 19ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണ് മരട് 357. ജയറാം നായകനായ 'പട്ടാഭിരാമന്' ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രവുമാണ്. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

click me!