Asianet News MalayalamAsianet News Malayalam

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ 'മരക്കാര്‍'; കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ്, മൂന്നാഴ്ച 'ഫ്രീ-റണ്‍'

കേരളത്തിലെ അറുനൂറിലേറെ തിയറ്ററുകളില്‍ ഒരുമിച്ച് റിലീസിന് സാധ്യത

marakkar to get an all theatre release in kerala and 3 week free run
Author
Thiruvananthapuram, First Published Jun 27, 2021, 5:47 PM IST

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. എണ്ണത്തില്‍ അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയറ്ററുകള്‍ തുറന്നപ്പോഴത്തേതുപോലെ 50 ശതമാനം പ്രവേശനമാണ് ഇത്തവണയും സിനിമാമേഖല മുന്നില്‍ കാണുന്നത്. മരക്കാര്‍ പോലെ വലിയ ബജറ്റ് ഉള്ള ഒരു ചിത്രം അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല എന്നാണ് നിര്‍മ്മാതാവിന്‍റെ വിലയിരുത്തല്‍. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ആയി മരക്കാര്‍ എത്തിയാല്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) എന്ത് സഹായമാണ് ചെയ്യാനാവുക എന്ന തരത്തില്‍ നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായി. തുടര്‍ന്നു വന്ന നിര്‍ദേശങ്ങളാണ് ഇവയെന്ന് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

"മൂന്നാഴ്ചയാണ് മരക്കാറിന് ഫ്രീ-റണ്‍ കൊടുത്തിരിക്കുന്നത്. അത് നമ്മുടെ സംഘടനയിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ്. അവര്‍ക്ക് മരക്കാര്‍ മതി. അതിനു പകരം മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തല്‍ക്കാലം അവര്‍ തയ്യാറല്ല. കാരണം ഇത്രത്തോളം ടൈറ്റില്‍ വാല്യു ഉള്ള ഒരു സിനിമ നില്‍ക്കുമ്പോള്‍ പരീക്ഷണാര്‍ഥം മറ്റൊരു പടം കളിക്കാന്‍ അവര്‍ തയ്യാറല്ല. ആന്‍റണി പെരുമ്പാവൂര്‍ സംഘടനയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ ഒരുമിച്ച് കണ്ടന്‍റ് കിട്ടണം. പൂട്ടിക്കിടക്കുന്ന എല്ലാ തിയറ്ററുകള്‍ക്കും കണ്ടന്‍റ് കിട്ടണം. അല്ലാതെ പകുതി തിയറ്ററുകള്‍ തുറന്ന്, പകുതി തുറക്കാതെയുള്ള അവസ്ഥ വരാന്‍ പാടില്ല. എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്‍ത് ഒരു ഉത്സവപ്രതീതിയോടെ ഈ സിനിമയെ വരവേല്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. പരമാവധി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് നമ്മുടെ നയം. അതിനായി ഇത്രയും ടൈറ്റില്‍ വാല്യു ഉള്ള ഒരു പടം ഇന്ന് മലയാളത്തില്‍ വേറെ ഇല്ല. അതുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. മൂന്നാഴ്ചത്തേക്ക് മറ്റൊരു സിനിമയും ഫിയോകില്‍ അംഗങ്ങളായിട്ടുള്ള തിയറ്റര്‍ ഉടമകള്‍ റിലീസ് ചെയ്യില്ല", വിജയകുമാര്‍ പറയുന്നു.

marakkar to get an all theatre release in kerala and 3 week free run

 

അതേസമയം മരക്കാറിന് 'ഫ്രീ റണ്‍' ലഭിക്കുന്ന കാലയളവില്‍ മറ്റു ചിത്രങ്ങളുടെ റിലീസ് വേണ്ട എന്ന തരത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇനിയും ഔദ്യോഗിക തീരുമാനം ആയിട്ടില്ല. അതേസമയം ഇക്കാര്യം തീരുമാനിക്കേണ്ടത് ഫിലിം ചേംബര്‍ ആണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കല്ലിയൂര്‍ ശശി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. "ആന്‍റണി പെരുമ്പാവൂര്‍ ഫിയോകില്‍ അവതരിപ്പിച്ച നിര്‍ദേശമാണ് ഇത്. തിയറ്റര്‍ തുറന്നാലും 50 ശതമാനത്തിലധികം പ്രവേശനം സര്‍ക്കാര്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. 50 ശതമാനം ഒക്കുപ്പന്‍സിയില്‍ കളിച്ചിട്ട് മരക്കാറിന്‍റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പറ്റില്ല. ഈ ഓപ്ഷനില്‍ ഒരു ധാരണ എത്തിയിട്ടുണ്ട്. ആ തീരുമാനം ഔദ്യോഗികമാക്കേണ്ടത് ഫിലിം ചേംബര്‍ ആണ്. ചേംബറിന്‍റെ യോഗം ബുധനാഴ്ച വച്ചിട്ടുണ്ട്. അവിടെ അവര്‍ കത്ത് കൊടുത്തിട്ടുണ്ട്. പിന്നെ, ഇത്രയും വലിയ ഒരു സിനിമ ആദ്യം തിയറ്ററില്‍ വരുന്നത് മറ്റു സിനിമകള്‍ക്കും ഗുണം ചെയ്യും. കാരണം എന്നാലേ പ്രേക്ഷകര്‍ തിയറ്ററിലേക്ക് വരൂ. ഇക്കാര്യത്തില്‍ എതിര്‍പ്പ് വരാന്‍ സാധ്യതയില്ല", കല്ലിയൂര്‍ ശശി പറഞ്ഞു. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ യോഗം ചേരും. പ്രത്യേകം കത്ത് ലഭിച്ചിട്ടില്ലെങ്കിലും മരക്കാര്‍ റിലീസ് ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്. അതേസമയം ബുധനാഴ്ച നടക്കുന്ന ഫിലിം ചേംബര്‍ യോഗത്തോടെ ഈ വിഷയത്തില്‍ ഔദ്യോഗിക തീരുമാനം വന്നേക്കും. ഓഗസ്റ്റ് 12 ആണ് നിലവില്‍ തീരുമാനിച്ചിരിക്കുന്ന റിലീസ് തീയതി.

കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് ചിത്രം 'മാസ്റ്റര്‍' സൃഷ്ടിച്ച ഓളം 'മരക്കാറി'നും സൃഷ്ടിക്കാനാവുമെന്നാണ് തിയറ്റര്‍ ഉടമകളുടെ വിലയിരുത്തല്‍. "തിയറ്ററുകള്‍ കുറേനാള്‍ അടഞ്ഞുകിടന്നിട്ട് ഒന്ന് തിറന്നുവരുമ്പോള്‍ ഇത്തരം ഒരു സിനിമ വന്നാലേ ആളുകള്‍ക്ക് വരാന്‍ ഒരു ധൈര്യം കാണൂ. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസിന് ഉണ്ടായിരുന്നത്. ആ സിനിമ വന്നതുകൊണ്ട് നല്ല തിരക്കായിരുന്നു. ഇതുപോലെ ഒരു മാസ് പടം വന്നെങ്കിലേ തിയറ്ററുകളില്‍ തിരക്ക് വരൂ", ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios