
ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം റിലീസ് ചെയ്യപ്പെട്ട ബിഗ് ബജറ്റ് ചിത്രം 'മരക്കാറി'ന്‍റെ (Marakkar) വ്യാജപതിപ്പ് (Pirated Copy) ഓണ്‍ലൈനില്‍. റിലീസ് ദിനത്തില്‍ തന്നെയാണ് വ്യാജപതിപ്പും അപ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസിനു മുന്‍ന് നല്‍കിയ അഭിമുഖത്തില്‍ പൈറസിയെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലും (Mohanlal) പ്രിയദര്‍ശനും (Priyadarshan) പ്രതികരിച്ചിരുന്നു. പൈറസി ദീര്‍ഘകാലമായി ഉള്ളതാണെന്നും ഇതുവരെ അതിനെ ഫലപ്രദമായി നേരിടാന്‍ സാധിച്ചിട്ടില്ലെന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം. വ്യാജ കസറ്റ്, സിഡിയില്‍ നിന്ന് പൈറസി ടെലഗ്രാമിലേക്ക് എത്തിയെന്നും ഇരുവരും പറഞ്ഞു. അതേസമയം തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന മരക്കാര്‍ പോലെ ഒരു ചിത്രത്തിന് പൈറസി ഭീഷണിയല്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍ റിലീസിലും റെക്കോര്‍ഡ് സൃഷ്‍ടിച്ചാണ് എത്തിയത്. കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലും ലോകമാകമാനം 4100 സ്ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് റെക്കോര്‍ഡ് ആണിത്. കൂടാതെ പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം ചിത്രം 100 കോടിക്കു മേല്‍ കളക്റ്റ് ചെയ്‍തതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അറുനൂറിലേറെ ഫാന്‍സ് ഷോകളാണ് ചിത്രത്തിന് ഇന്ന് ലഭിച്ചത്. പല സെന്‍ററുകളിലും അര്‍ധരാത്രി 12 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. എറണാകുളം സരിത തിയറ്ററില്‍ അര്‍ധരാത്രിയിലെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയിരുന്നു.
2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രം ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയിട്ടുള്ളത്. 2020 മാര്‍ച്ച് 19 ആയിരുന്നു ചിത്രത്തിന്‍റെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ക്കു താഴ് വീണതോടെ റിലീസ് അനിശ്ചിതമായി നീണ്ടു. തങ്ങളുടെ സ്വപ്‍നചിത്രമെന്ന് പ്രിയദര്‍ശനും മോഹന്‍ലാലും പറഞ്ഞിരുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിരയും അണിനിരന്നിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ