'അവയൊക്കെ വാഗ്‍ദാനങ്ങളായി ഒടുങ്ങി'; സാംസ്‍കാരിക വകുപ്പിന്‍റെ കത്ത് പങ്കുവച്ച് അനില്‍ പനച്ചൂരാന്‍റെ ഭാര്യ

By Web TeamFirst Published Oct 22, 2021, 9:36 PM IST
Highlights

"ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്. വാഗ‍്‍ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്"

ഈ വര്‍ഷം ജനുവരിയിലാണ് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (Anil Panachooran) വിട വാങ്ങിയത്. കവിയുടെ മരണസമയത്ത് വാഗ്‍ദാനങ്ങളുമായി നിരവധി രാഷ്‍ട്രീയ നേതാക്കള്‍ വീട്ടില്‍ വന്നിരുന്നെങ്കിലും അവയൊന്നും യാഥാര്‍ഥ്യമായില്ലെന്ന് അനില്‍ പനച്ചൂരാന്‍റെ ഭാര്യ മായ (Maya Panachooran) പറയുന്നു. തനിക്കു ജോലി നല്‍കണമെന്ന അപേക്ഷയ്ക്ക് സാംസ്‍കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മറുപടിക്കത്തിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് മായ പനച്ചൂരാന്‍റെ പ്രതികരണം. സൂചനയിലെ അപേക്ഷ പ്രകാരം ജോലി നല്‍കുന്നതിന് സര്‍ക്കാരിലോ സാംസ്‍കാരിക വകുപ്പിനു കീഴില്‍ പ്രത്യേകിച്ചോ പദ്ധതികളൊന്നും നിലവിലില്ലെന്നാണ് പ്രസ്‍തുത കത്ത്.

മായ പനച്ചൂരാന്‍റെ കുറിപ്പ്

നമസ്തേ, അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമ്മിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, 'ജോലി വല്ലതുമായോ' എന്ന്. അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല! ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്‍ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നുംതന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ  അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്‍റെ ശ്രദ്ധയിലും പെട്ടിരുന്നു. 

 

അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു... (എന്‍റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞു പറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു). ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി... ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്. വാഗ‍്‍ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്‍ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്- മായ പനച്ചൂരാൻ

click me!