
തിരുവനന്തപുരം: വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'ദ കേരള സ്റ്റോറി 2' ന് എതിരെ പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് സാസ്കാരിക മന്ത്രി സജി ചെറിയാൻ. വിദ്വേഷം പടർത്താനുള്ള ശ്രമമാണ് ഇതെന്നും കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും സാംസ്കാരിക മന്ത്രി ആവശ്യപ്പെട്ടു. സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നമാണ് 'ദ കേരള സ്റ്റോറി 2'. വീണ്ടും കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഇത്. ആവിഷ്കാര സ്വതന്ത്ര്യം ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ലൈസൻസ് അല്ലെന്നും സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. 'ദ കേരള സ്റ്റോറി 2' ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സാംസ്കാരിക മന്ത്രിയുടെ വിമർശനം.
വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ദ കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും നുണകൾ മാത്രം ഉൽപ്പാദിപ്പിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉൽപ്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചും വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസൻസല്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അന്വേഷണ ഏജൻസികളും കോടതികളും പലതവണ തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ്. വർഗീയ വിഷവിത്തുകൾ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സജി ചെറിയാൻ പ്രസ്താവനയിലൂടെ അറിയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ