പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ധുരന്ധര്‍ 2 ന്‍റെ തെന്നിന്ത്യന്‍ പതിപ്പുകളുടെ പ്രദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ മുടങ്ങിയിരുന്നു

ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം. അതും ആദ്യ ഭാ​ഗം തിയറ്ററുകളിലെത്തി വെറും മൂന്ന് മാസത്തിനുള്ളില്‍ റിലീസ്. ധുരന്ധര്‍ 2 ന്‍റെ ഏറ്റവും പ്രധാന യുഎസ്‍പി അതായിരുന്നു. റിലീസ് ദിനത്തിന് തലേന്ന് ഇന്ത്യയൊട്ടുക്കും പ്രീമിയര്‍ ഷോകള്‍ സംഘടിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതും ഈ വന്‍ ഹൈപ്പ് പ്രയോജനപ്പെടുത്താന്‍ ആയിരുന്നു. അത് ഏറെക്കുറെ വിജയിപ്പിക്കുവാനും അവര്‍ക്ക് സാധിച്ചു. എന്നാല്‍ ഒരു അപ്രതീക്ഷിത പ്രതിസന്ധി അണിയറക്കാരെയും പ്രേക്ഷകരെയും കാത്തിരിപ്പുണ്ടായിരുന്നു. മലയാളം അടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി പ്ലാന്‍ ചെയ്തിരുന്ന ചിത്രത്തിന്‍റെ ഹിന്ദി ഒഴികെയുള്ള ഭാഷാ പതിപ്പുകളുടെ പ്രദര്‍ശനം ഇന്നലെ തടസപ്പെട്ടിരുന്നു. മലയാളമടക്കമുള്ള പതിപ്പുകള്‍ക്ക് അഡ്വാന്‍സ് റിസര്‍വേഷന്‍ നടത്തിയിരുന്ന പ്രേക്ഷകര്‍ക്ക് വലിയ നിരാശയാണ് ഇത് സമ്മാനിച്ചത്. മുടങ്ങിയ തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ എപ്പോള്‍ ആരംഭിക്കും? ഇപ്പോഴിതാ അതേക്കുറിച്ച് നിര്‍മ്മാതാക്കളും സംവിധായകനും അറിയിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

അപ്രതീക്ഷിത പ്രതിസന്ധി

ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ഇന്നലെ വൈകിട്ട് 5 മണിക്കാണ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ഇന്ത്യയൊട്ടുക്കും ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ പ്ലാന്‍ ചെയ്തിരുന്ന പ്രദര്‍ശനങ്ങളില്‍ ഭൂരിഭാ​ഗവും ആ സമയത്തു തന്നെ തങ്ങള്‍ക്ക് ആരംഭിക്കാന്‍ സാധിച്ചുവെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. തമിഴ്, തെലുങ്ക് പതിപ്പുകളുടെ പ്രദര്‍ശനം ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ചുവെന്നാണ് നിര്‍മ്മാതാക്കളായ ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അറിയിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന സാങ്കേതിക കാരണങ്ങളാല്‍ മലയാളം, കന്നഡ പതിപ്പുകളുടെ പ്രദര്‍ശനം ഇന്നലെ നടത്താന്‍ സാധിച്ചില്ലെന്നും. മലയാളം, കന്നഡ പതിപ്പുകളുടെ പ്രദര്‍ശനം ഇന്ന് രാവിലെ ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പുറത്തിറക്കിയിട്ടുള്ള കുറിപ്പില്‍ ഉണ്ടായ അസൗകര്യത്തിന് പ്രേക്ഷകരോട് ക്ഷമ ചോദിച്ചിട്ടുമുണ്ട് ധുരന്ധര്‍ 2 ടീം.

മലയാളം, കന്നഡ പതിപ്പുകളുടെ ഇന്നലത്തെ ഷോകളുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നുവെന്നും അണിയറക്കാര്‍ പറഞ്ഞിട്ടുണ്ട്. ഒന്നുകില്‍ റീഫണ്ട് ചെയ്യാനുള്ള ഓപ്ഷനും അതല്ലെങ്കില്‍ പകരം സബ് ടൈറ്റിലോടെയുള്ള ഹിന്ദി പതിപ്പ് കാണാനുള്ള ഓപ്ഷനുമാണ് അത്. എന്നാല്‍ ഹിന്ദി പതിപ്പിന്‍റെ കേരളത്തിലെ അടക്കമുള്ള ഇന്നലെ നടന്ന പ്രദര്‍ശനങ്ങളില്‍ മിക്കതും ഹൗസ്‍ഫുള്‍ ആയിരുന്നതിനാല്‍ മലയാളം പതിപ്പിന് ബുക്ക് ചെയ്തവര്‍ക്ക് ഇന്നലെ ഹിന്ദി പതിപ്പിലേക്ക് മാറാന്‍ അവസരം ഉണ്ടായിരുന്നില്ല. മലയാളം, കന്നഡ പതിപ്പുകളുടെ പ്രദര്‍ശനം ഇന്ന് രാവിലെ ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ടെങ്കിലും തിയറ്ററുകാര്‍ ഷോകള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത് ഉച്ച മുതലാണ്. അതും കുറച്ച് തിയറ്ററുകളും കുറച്ച് ഷോകളും. നിര്‍മ്മാതാക്കളില്‍ നിന്നും തിയറ്ററുകാര്‍ക്ക് ലഭിക്കേണ്ട ഡിജിറ്റല്‍ ഉള്ളടക്കത്തിന്‍റെയും കീ ഡെലിവറി മെസേജിന്‍റെയും വൈകലാണ് പ്രദര്‍ശനങ്ങള്‍ തടസപ്പെടാന്‍ കാരണമായത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News