Marakkar Release | 'മരക്കാര്‍' റിലീസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍, സിനിമാ സംഘടനകളുമായി ചര്‍ച്ച

By Web TeamFirst Published Nov 2, 2021, 6:49 PM IST
Highlights

'മരക്കാര്‍' തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു

തിരുവനന്തപുരം: മോഹന്‍ലാല്‍ (Mohanlal) നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' (Marakkar) തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍. ഇതിന്‍റെ ഭാഗമായി സിനിമാ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ (Saji Cheriyan) ഈ വിഷയത്തില്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്‍റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളിലെ ഒത്തുതീര്‍പ്പ് ആണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.

'മരക്കാര്‍' തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. തിയറ്റര്‍ തുറക്കാത്തപ്പോഴാണ് ഓവര്‍ ദ് ടോപ്പ് (ഒടിടി) പ്ലാറ്റ്‍ഫോമുകള്‍ പ്രസക്തമാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം മരക്കാര്‍ നിര്‍മ്മാതാവും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയിലായിരുന്നു ഈ ചര്‍ച്ച. അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങള്‍ ഫിയോക് ഉന്നയിച്ചു. ഇതോടെ ഫിലിം ചേംബര്‍ മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ ചര്‍ച്ച ഫലവത്താവാത്തതിനെ തുടര്‍ന്ന് ചിത്രം ഒടിടി റിലീസ് ആകുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. അതേസമയം മരക്കാര്‍ തിയറ്ററുകളില്‍ എത്തിക്കുന്നത് സംബന്ധിച്ച് ഒരു അവസാനവട്ട ചര്‍ച്ച കൂടി നടത്താന്‍ ചേംബര്‍ ശ്രമിക്കുന്നുമുണ്ട്.

'മരക്കാര്‍' ആമസോണ്‍ പ്രൈമിലൂടെ?; കരാര്‍ ഒപ്പുവച്ചെന്ന് റിപ്പോര്‍ട്ട്

അതേസമയം ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈമുമായി കരാറിലെത്തിയതായും ഡയറക്റ്റ് ഒടിടി റിലീസ് ആയിരുക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന മാധ്യമമാണ് മരക്കാര്‍ ഒടിടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്‍തത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. 

 

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രത്തിന്‍റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇത്തവണത്തെ ദേശീയ, സംസ്ഥാന അവാര്‍ഡുകളിലായി ആറ് പുരസ്‍കാരങ്ങളും നേടിയ ചിത്രമാണിത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

click me!