ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ മരക്കാര്‍ ഒടിടിയിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു

മോഹന്‍ലാലിനെ (Mohanlal) ടൈറ്റില്‍ കഥാപാത്രമാക്കി പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്‍ത ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' (Marakkar) ഏതു മാര്‍ഗ്ഗത്തിലൂടെയാവും റിലീസ് ചെയ്യപ്പെടുക എന്നതായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമാ മേഖലയിലെ സജീവ ചര്‍ച്ച. ഫിലിം ചേംബറിന്‍റെ (Film Chamber) മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും (FEUOK) നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും (Antony Perumbavoor) ഇന്നലെ നടത്തിയ ചര്‍ച്ചയും ഫലവത്താവാതെ പിരിഞ്ഞിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ഫിലിം ചേംബര്‍ ശ്രമിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ 'മരക്കാര്‍' ഒടിടി റിലീസ് (Marakkar OTT Release) ഉറപ്പിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒടിടി പ്ലാറ്റ്ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന മാധ്യമമാണ് മരക്കാര്‍ ഒടിടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും (Amazon Prime Video) എത്തുകയെന്നും കരാര്‍ ഉറപ്പിച്ചുവെന്നും ഒപ്പിട്ടുവെന്നും അവര്‍ ട്വീറ്റ് ചെയ്‍തു.

Scroll to load tweet…

ഫിലിം ചേംബര്‍ ചര്‍ച്ചയും ഫലം കണ്ടില്ല; 'മരക്കാര്‍' ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കും

ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ മരക്കാര്‍ ഒടിടിയിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പൃഥ്വിരാജിന്‍റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് സമാനതുകയാണ് അഡ്വാന്‍സ് ഇനത്തില്‍ ലഭിച്ചിരുന്നത് എന്നറിയുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങള്‍ ഫിയോക് ഉന്നയിച്ചു. ഇതോടെ ഫിലിം ചേംബര്‍ മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.

'മരക്കാറിന് 10 കോടി അഡ്വാന്‍സ് നല്‍കാം'; ആന്‍റണിയുടെ രാജിക്കത്തിന്‍റെ കാര്യം അറിയില്ലെന്നും ഫിയോക്

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രത്തിന്‍റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇത്തവണത്തെ ദേശീയ, സംസ്ഥാന അവാര്‍ഡുകളിലായി ആറ് പുരസ്‍കാരങ്ങളും നേടിയ ചിത്രമാണിത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.