അഞ്ച് ഭാഷകളിലായി മലയാളത്തിന്‍റെ സൂപ്പര്‍ഹീറോ കഥാപാത്രം; ടൊവീനോയുടെ 'മിന്നല്‍ മുരളി' ഫസ്റ്റ് ലുക്ക്

By Web TeamFirst Published Aug 25, 2020, 6:03 PM IST
Highlights

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവീനോ അവതരിപ്പിക്കുന്ന മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ കഥാപാത്രത്തിന്‍റെ ഓട്ടമാണ് പോസ്റ്ററില്‍. മുഖം തുണികൊണ്ട് മറച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. എല്ലാ ഭാഷകളിലെയും പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിലെ രണ്ട് സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്‍മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗ് ആണ്. കലാസംവിധാനം മനു ജഗത്. 

അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഎഫ്എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ഗോദയ്ക്ക് ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

click me!