
നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ഡയറക്റ്റ് റിലീസ് ആയതോടെ മലയാളികളല്ലാത്ത സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രമാണ് 'മിന്നല്‍ മുരളി' (Minnal Murali). തങ്ങളുടെ ക്രിസ്‍മസ് റിലീസ് ആയി എത്തുന്ന ചിത്രത്തിന് മികച്ച പ്രീ-റിലീസ് ക്യാംപെയ്‍ന്‍ ആണ് നെറ്റ്ഫ്ലിക്സ് നല്‍കിക്കൊണ്ടിരിക്കുന്നത്. റിലീസിന് നാല് ദിവസം മാത്രം ശേഷിക്കെ കൗതുകകരമായ ഒരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അവര്‍. കഴിഞ്ഞ പ്രൊമോ വീഡിയോയില്‍ പറഞ്ഞിരുന്നതുപോലെ ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്‍ലര്‍ ദ് ഗ്രേറ്റ് ഖലിയാണ് (The Great Khali) ടൊവീനോയ്ക്കും (Tovino Thomas) ബാലതാരം വസിഷ്‍ഠ് ഉമേഷിനുമൊപ്പം നെറ്റ്ഫ്ലിക്സ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
അമേരിക്കന്‍ സൂപ്പര്‍ഹീറോ ആവാനായി ഒരു ടെസ്റ്റില്‍ പങ്കെടുക്കുകയാണ് മിന്നല്‍ മുരളി. പല ഭാഗങ്ങളായുള്ള ടെസ്റ്റില്‍ മത്സരാര്‍ഥിയുടെ ബലം പരീക്ഷിക്കുന്നത് ദ് ഗ്രേറ്റ് ഖാലിയാണ്. ഖാലിയുടെ പരീക്ഷണങ്ങളോടുള്ള മിന്നല്‍ മുരളിയുടെ പ്രതികരണങ്ങള്‍ 3:46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയെ ഏറെ രസകരമാക്കുന്നുണ്ട്. മറ്റൊരു പ്രൊമോ വീഡിയോയില്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും മിന്നല്‍ മുരളിക്കുവേണ്ടി എത്തും.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളിയുടെ സംവിധാനം ബേസില്‍ ജോസഫ് ആണ്. ഗോദയ്ക്കു ശേഷം ബേസിലും ടൊവീനോയും ഒരുമിക്കുന്ന ചിത്രമാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.