സിനിമാ സെറ്റ് തകര്‍ത്തത് നിര്‍മ്മാതാവിന്‍റെ ക്വട്ടേഷനിലെന്ന് വ്യാജവാര്‍ത്ത; നിയമ നടപടിയുമായി നിര്‍മ്മാതാവ്

By Web TeamFirst Published May 27, 2020, 9:11 PM IST
Highlights

'സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടർത്തുന്നതുമായ ഇത്തരം വ്യാജവാർത്തകൾ ദയവായി ഷെയർ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു..'

'മിന്നല്‍ മുരളി' സിനിമയ്ക്കു വേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ക്കപ്പെട്ടത് പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബജ്‍റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. എന്നാല്‍ ഇത് നിര്‍മ്മാതാവ് തന്നെ പബ്ലിസിറ്റിക്കുവേണ്ടി നടത്തിയ ക്വട്ടേഷന്‍ ആക്രമണമാണെന്ന് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ സോഫിയ പോള്‍.

സോഫിയ പോളിന്‍റെ നിര്‍മ്മാണക്കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‍സ് പുറത്തിറക്കിയ കുറിപ്പ്

ഞങ്ങളുടെ മാനേജിങ് ഡയറക്ടർ ശ്രീമതി സോഫിയ പോളിനെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയേയും വളരെയധികം അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജവാർത്ത ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ പങ്കു വച്ചതായി ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് നമ്മൾ എല്ലാവരും തന്നെ ഇപ്പോൾ കടന്നു പോകുന്നത്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേവരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് പിന്തുണയുമായി നിൽക്കുന്ന ഓരോരുത്തരോടും ഞങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങൾ ഏറെ ആഗ്രഹിക്കുന്നുണ്ട്. വ്യാജവാർത്ത നൽകിയ ആ ഓൺലൈൻ പോർട്ടലിന് എതിരെ ഞങ്ങൾ നിയമപരമായി നീങ്ങുവാൻ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടർത്തുന്നതുമായ ഇത്തരം വ്യാജവാർത്തകൾ ദയവായി ഷെയർ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു. കുറ്റവാളികൾക്ക് എതിരായ നിയമനടപടികൾ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു.

click me!