ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് തടയില്ലെന്ന് ചലച്ചിത്ര സംഘടനകള്‍

By Web TeamFirst Published May 27, 2020, 4:35 PM IST
Highlights

ഒടിടി റിലീസിന് താത്പര്യമുള്ള നിർമ്മാതാക്കൾ മുപ്പതിന് മുൻപായി സംഘടനയെ സമീപിക്കണമെന്നും അറിയിക്കുന്നു.

ഒടിടി പ്ലാറ്റ്ഫോമിൽ സിനിമകൾ റിലീസ് ചെയ്യുന്നത് തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചലച്ചിത്ര സംഘടകൾ. എന്നാൽ ഇങ്ങനെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുമെന്നും സംഘടനാ പ്രതിനിധികൾ  അറിയിച്ചു.

നിർമ്മാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരുടെ പ്രതിനിധികളുമായി ഫിലിം ചേമ്പർ നടത്തിയ യോഗത്തിലാണ് തീരുമാനം. ഒടിടി റിലീസ് ഒട്ടേറെ നിർമ്മാതാക്കൾക്ക് ആശ്വാസകരമാകും. അതിനാൽ അത് തടസ്സപ്പെടുത്താൻ ആകില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. തിയറ്റർ റിലീസിനു മുൻപ് സിനിമകൾ എന്തുകൊണ്ട് ഓൺ ലൈൻ റിലീസിന് വിടുന്നുവെന്നു നിർമ്മാതാക്കൾ വിശദീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ഒടിടി റിലീസിന് താത്പര്യമുള്ള നിർമ്മാതാക്കൾ മുപ്പതിന് മുൻപായി സംഘടനയെ സമീപിക്കണം. വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം തിയറ്ററുകളുമായി കരാർ ഒപ്പിട്ടിരുന്നുവെന്നും ഓൺലൈനായി ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംഘടനയുമായി ചർച്ച ചെയ്‍തിട്ടില്ലെന്നും എം രഞ്ജിത് പറഞ്ഞു.

ഒടിടി റിലീസിന് താല്‍പര്യം പ്രകടിപ്പിച്ചു നിലവിൽ ആരും സംഘടനയെ സമീപിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

അതേസമയം ഒടിടി റിലീസിനെതിരെ നിലപാടെടുത്ത  തിയറ്റർ ഉടമ ലിബർട്ടി ബഷീറിന്റെ സംഘടന യോഗത്തിൽ നിന്നും വിട്ടു നിന്നു. 66 മലയാള സിനിമകളാണ് കൊവിഡ് 19 മൂലം നിന്ന് പോയത്.

 

click me!