രജനീകാന്ത് ഉടൻ ആശുപത്രി വിടുമെന്ന് റിപ്പോർട്ട്; താരത്തെ സന്ദര്‍ശിച്ച് എംകെ സ്റ്റാലിൻ

By Web TeamFirst Published Oct 31, 2021, 6:32 PM IST
Highlights

ദില്ലിയിലെ ദേശീയ പുരസ്‍കാര വേദിയില്‍ ഏതാനും ദിവസം മുന്‍പാണ് രജനീകാന്ത് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങിയത്. 

ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ(Rajinikanth) സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ(MK Stalin). ആരോഗ്യമന്ത്രിക്കൊപ്പമാണ് സ്റ്റാലിന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചത്. പത്തുമിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം ഡോക്ടര്‍മാരോട് മുഖ്യമന്ത്രി രജനീകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. 

അടുത്ത ദിവസങ്ങളില്‍ തന്നെ രജനി പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ദേഹാസ്വാസ്ഥ്യം; രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഈമാസം 28നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണഗതിയില്‍ നടത്താറുള്ള പതിവ് പരിശോധനകളുടെ ഭാഗമായാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പേടിക്കാനൊന്നുമില്ലെന്നും ഭാര്യ ലത അറിയിച്ചിരുന്നു.  രജനികാന്തിന്റെ ആരോഗ്യനില മോശമായെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ദില്ലിയിലെ ദേശീയ പുരസ്‍കാര വേദിയില്‍ ഏതാനും ദിവസം മുന്‍പാണ് രജനീകാന്ത് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം. അതേസമയം അണ്ണാത്തെ ആണ് രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വെട്രി പളനിസാമി, സംഗീതം ഡി ഇമ്മന്‍. 

ദേഹാസ്വാസ്ഥ്യം; രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

click me!