'ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്': സൗദി വെള്ളക്കയെ കുറിച്ച് എം എം മണി

By Web TeamFirst Published Dec 6, 2022, 9:58 PM IST
Highlights

നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി രം​ഗത്തെത്തുന്നത്.

താനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രം 'സൗദി വെള്ളക്ക'യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. 'ഓപ്പറേഷൻ ജാവ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി വീണ്ടും എത്തിയപ്പോൾ അത് പ്രേക്ഷകരും നിരൂപകരും ഒരു പോലെ ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ മുന്‍ മന്ത്രി എം എം മണി ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യൻ കാണേണ്ട സിനിമ', എന്നാണ് എം എം മണി ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരും രം​ഗത്തെത്തി. 'മനുഷ്യത്വത്തിനും മീതെയല്ല മനുഷ്യരുടെ ദേഷ്യവും വാശിയും..സൗദി വെള്ളക്ക, അതേ, മനുഷ്യൻ കാണേണ്ട സിനിമ തന്നേയാണ്.., കാലിക പ്രസക്തമായ ചില ചോദ്യങ്ങളും ഈ സിനിമ ഉയർത്തുന്നുണ്ട്, കോടി ക്ലബ്ബിൽ അല്ല കണ്ടവരുടെ മനസ്സിൽ ആണ് കഥയും കഥാപാത്രങ്ങളും കയറേണ്ടത്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ എത്തുന്ന ചിത്രമാണിത്. നേരത്തെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക്  'സൗദി വെള്ളക്ക' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ധാക്കയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിള്‍ എന്ന ചിത്രത്തിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീന്ദ്രനാണ് സഹനിര്‍മ്മാണം.

'നിന്നോടൊപ്പം എന്നും എപ്പോഴും'; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഹൻസിക

click me!