ദില്ലി: ഇന്ത്യൻ സിനിമയുടെ സ്വപ്ന നായകന്‍റെ വിയോഗത്തിൽ അനുശോചനവുമായി സിനിമാ, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ.
ഇതിഹാസതുല്യനായിരുന്നു ദിലീപ് കുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമിച്ചു.ർ
അതുല്യസംഭാവനകൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹാനെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
ഒരു പ്രസ്ഥാനം അവസാനിക്കുന്നുവെന്ന് അമിതാഭ് ബച്ചൻ.
വളരുന്ന ഇന്ത്യയുടെ ചരിത്രത്തിന്‍റെ അടയാളമെന്ന് രാഷ്ട്രപതി.
അമരൻമാർ മരിക്കുന്നില്ലെന്ന് ശശി തരൂർ.
ദിലീപ് കുമാറിന്‍റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിനാണ് തിരശ്ശീല വീഴുന്നത് . ബോളിവുഡിന്‍റെ സുവർണകാലവുമായി ആസ്വാദകരെ ചേർത്തുനിർത്തിയ അവസാന കണ്ണിയായിരുന്നു ദിലീപ് കുമാർ.
അഭിനയപൂർണതക്ക് സത്യജിത് റേ മുഴുവൻ മാർക്കും നൽകിയ ദിലീപ് കുമാർ. ലോകസിനിമയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ പ്രതിഭയെ ഹോളിവുഡ് ഇതിഹാസം മർലിൻ ബ്രാണ്ടോയ്ക്കും മേലെ പ്രതിഷ്ഠിച്ചപ്പോഴും ആരും അതിശയപ്പെട്ടില്ല. അതിഭാവുകത്വത്തിൽ നിന്ന് സ്വാഭാവികതയിലേക്ക് നായകസങ്കൽപ്പത്തെ പരുവപ്പെടുത്തിയ നടൻ.
പെഷവാറിൽ സിനിമേ വിലക്കപ്പെട്ട യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ നിന്ന് , പഴക്കച്ചവടക്കാരനായ യൂസഫ് അഭിനയ ചക്രവർത്തി ആയി മാറിയത് ചരിത്രനിയോഗം. പൂനെയിൽ ക്യാന്റീൻ നടത്തിപ്പിനിടെ ബോംബേ ടാക്കീസ് ഉടമ ദേവികാറാണിയുമായുള്ള കണ്ടുമുട്ടൽ വഴിത്തിരിവായി. യൂസഫിനെ ദിലീപ് കുമാറാക്കി ദേവിക ക്യാമറക്ക് മുന്നിലെത്തിച്ചു. 1944ൽ പുറത്തിറങ്ങിയ ജ്വാർഭാട്ടയിലെ പുതുമുഖതാരം സിനിമാക്കാരുടെ ശ്രദ്ധ കവർന്നു. അശോക് കുമാറിനെ മാനസഗുരുവാക്കി അഭിനയം തുടങ്ങിയ ദിലീപ് കുമാർ വൈകാതെ അശോകിന്റെ എതിരാളിയായി. രാജ്കപൂർ--, ദിലീപ്, ദേവാനന്ദ്. പുതിയ ത്രയം രൂപപ്പെട്ടു ബോളിവുഡിൽ. അഭിനയപൂർണതയും കഥാപാത്രങ്ങൾക്കായി നടത്തിയ അധ്വാനവും സിനിമാതെരഞ്ഞെടുപ്പും സമകാലികരിൽ നിന്ന് ദിലീപ് കുമാറിനെ വ്യത്യസ്തനാക്കി.
ദേവ്ദാസിലെ മുഴുക്കുടിയനയ കാമുകൻ. ബാബുലിലെ പോസ്റ്റ് മാസ്റ്റർ, ദാഗിലെ ശങ്കർ, മുഗൾ എ അസമിലെ സലിം, ദീദാറിലെ നിരാശാകാമുകൻ. പ്രണയദുരന്ത കാവ്യങ്ങളിൽ ദിലീപ് ആടിത്തകർത്ത നായകവേഷങ്ങൾ ഇന്ത്യൻ സിനിമയുടെ സുവർണലിപികളിൽ കുറിയ്ക്കപ്പെട്ടു. തുടർച്ചയായ ദുരന്തകഥാപാത്രങ്ങൾ ഒരു വേള ദിലീപിനെ കടുത്ത വിഷാദരോഗി ആക്കി.ദുരന്ത നായകൻ അവസാനകാലത്ത് കോമഡി വേഷങ്ങളിലേക്കും ചുവട് മാറ്റി . 6 പതിറ്റാണ്ടിനിടെ 65ഓളം ചിത്രങ്ങൾ മാത്രം. വലിച്ചുവാരി സിനിമകൾ ചെയ്ത് പ്രേക്ഷകരെ മടുപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല ദിലീപ്. 98-ൽ പുറത്തിറങ്ങിയ കില ആയിരുന്നു അവസാനചിത്രം.
സിനിമയിലെന്ന പോലെ ജീവിതത്തിലും പല നായികമാരെ പ്രണയിച്ച ദിലീപ് കുമാർ ഒടുവിൽ, 22 വയസ്സ് പ്രായവ്യത്യാസമുള്ള സൈറ ബാനുവിനെ ജീവിതസഖിയാക്കി. മുംബൈയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴും സിനിമാസാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു. ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം, പദ്മവിഭൂഷൺ, 8 ഫിലിം ഫെയർ അവാർഡുകൾ. മതമൈത്രിയുടെ പ്രതീകമായി നെഹ്റു വിശേഷിപ്പിച്ച ദിലീപ് കുമാറിനെ സമഗ്രസംഭാവന നൽകി ആദരിച്ചവരിൽ പാക് സർക്കാരും ഉണ്ട്. 2000ത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയായി.
ഇന്ത്യൻ സിനിമയെ ദിലീപ് കുമാറിന് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തണമെന്ന് ഒരിക്കൽ ബിഗ് ബി പറഞ്ഞു. ബച്ചനും ഷാരൂഖും അടങ്ങുന്ന പിൻതലമുറക്കാർക്കും അഭിനയത്തിന്റെ തിളക്കമുള്ള പാഠങ്ങൾ അവശേഷിപ്പിച്ചാണ് ദിലീപ് കുമാറിന്റെ മടക്കം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ