
കൊച്ചി: മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങളെയും താരങ്ങളെയും അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20 നാണ് അരങ്ങേറിയത്. മലയാളത്തിന്റെ മുൻനിരതാരങ്ങളെ സാക്ഷിയാക്കി വിസ്മയക്കാഴ്ചകൾ ഒരുക്കിയാണ് ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സമ്മാനിച്ചത്. കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു വാരിയർ മികച്ച നടിയായും, ടോവിനോ തോമസ് പെർഫോർമർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വർഷത്തെ ജനപ്രിയ നടനായി പൃഥ്വിരാജ്, ജനപ്രിയ നടിയായി ഐശ്വര്യ ലക്ഷ്മി, മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ, ഗോൾഡൻ സ്റ്റാറായി ജയറാം, പോപുലർ തമിഴ് നടിയായി തൃഷ, മികച്ച വില്ലനായി റഹ്മാൻ, പോപ്പുലർ സിനിമയായി കായംകുളം കൊച്ചുണ്ണി എന്നിവയും പുരസ്‌ക്കാരങ്ങൾക്ക് അർഹരായി. മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരൻ തമ്പിയെ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നൽകി ഏഷ്യാനെറ് ആദരിച്ചു.
മാർച്ച് 28നു റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ സിനിമയുടെ ട്രെയ്ലർ ലോഞ്ച് ആയിരുന്നു മറ്റൊരു പ്രധാന ആകർഷണം. ഏഷ്യാനെറ്റ് എംഡി കെ മാധവനാണ് ട്രെയ്ലർ ലോഞ്ച് നിർവഹിച്ചത്. മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടോവിനോ തോമസ്, മുരളി ഗോപി, പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ എന്നിവർ ലൂസിഫർ ട്രെയ്ലർ ലോഞ്ചിൽ പങ്കെടുത്തു. തമിഴകത്തും മലയാളക്കരയിലും ഏറ്റെടുത്ത പേരൻപ് സിനിമയെ അവാർഡ് നിശയിൽ ആദരിച്ചു. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും പേരൻപിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
അനു സിതാര, ഇഷാ തൽവാർ, ഷംന കാസിം, ദുർഗ കൃഷ്ണ, നിഖിലാ വിമൽ, ഷെയ്ൻ നിഗം, അനീഷ് റഹ്മാൻ, ഹണി റോസ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ അവതരിപ്പിച്ച നൃത്ത വിസ്മയങ്ങളും സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സാജു നവോദയ, ജോണി ആന്റണി, രാജാമണി, രേണു സൗന്ദർ, സ്‌നേഹ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുങ്ങിയ കോമഡി സ്‌കിറ്റുകളും, സ്റ്റീഫൻ ദേവസിയും ലോകപ്രശസ്ത ബിക്രം ഘോഷും ചേർന്നൊരുക്കിയ ജുഗൽബന്ദിയും, എം ജയചന്ദ്രൻ, വിജയ് യേശുദാസ്, ശ്രേയ ജയദീപ് എന്നിവരുടെ പാട്ടുകളും ഏഷ്യാനെറ്റ് അവാർഡ് നിശയെ സമ്പന്നമാക്കി. പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഏഷ്യാനെറ്റിന്റെ ഊർജ്ജമെന്ന് മാനേജിംഗ് ഡയറക്ടർ കെ മാധവൻ ചടങ്ങിൽ പറഞ്ഞു.
"
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ