'ടിയാന്‍' തെറ്റായി വായിക്കപ്പെട്ട സിനിമയെന്ന് മുരളി ഗോപി; 'അത് ഹിന്ദുത്വത്തെ പൊളിച്ചെഴുതിയ സിനിമ'

By Web TeamFirst Published Mar 21, 2019, 4:27 PM IST
Highlights

'സനാതന ധര്‍മ്മവും ഹിന്ദുത്വ ശക്തികളും തമ്മില്‍ ഭയങ്കര സംഘര്‍ഷമുണ്ട്. അതുപോലെതന്നെ ഇസ്ലാമികവല്‍ക്കരണവും സത്യ ഇസ്ലാമും തമ്മില്‍ ഒരു സംഘര്‍ഷമുണ്ട്. അതിനെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കില്‍ നിങ്ങള്‍ അതിന്റെ മതിലുകള്‍ക്കുള്ളില്‍ നില്‍ക്കണം.'

തന്റെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത 'ടിയാന്‍' തെറ്റായി വായിക്കപ്പെട്ട സിനിമയാണെന്ന് മുരളി ഗോപി. 'മതതീവ്രവാദത്തെ അഭിസംബോധന ചെയ്ത സിനിമയാണ് ടിയാന്‍. മതതീവ്രവാദത്തെ മതത്തിനകത്ത് നിന്നുകൊണ്ട് അഭിസംബോധന ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാരണം അപ്പോഴേ കേള്‍ക്കേണ്ടവര്‍ കേള്‍ക്കൂ', ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി അഭിപ്രായപ്പെട്ടു.

'ഹിന്ദുത്വത്തെ അപനിര്‍മ്മിച്ച സിനിമയാണ് ടിയാന്‍. ഹിന്ദുത്വ ശക്തികള്‍ അതിന്റെ പരമ്പരാഗത സങ്കല്‍പത്തില്‍ തന്നെ എത്രത്തോളം അപായകരമാണെന്ന് കാണിക്കുന്ന സിനിമയാണ്. സനാതന ധര്‍മ്മവും ഹിന്ദുത്വ ശക്തികളും തമ്മില്‍ ഭയങ്കര സംഘര്‍ഷമുണ്ട്. അതുപോലെതന്നെ ഇസ്ലാമികവല്‍ക്കരണവും സത്യ ഇസ്ലാമും തമ്മില്‍ ഒരു സംഘര്‍ഷമുണ്ട്. അതിനെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കില്‍ നിങ്ങള്‍ അതിന്റെ മതിലുകള്‍ക്കുള്ളില്‍ നില്‍ക്കണം. എന്നിട്ട് സംസാരിക്കണം. അത് റിസ്‌ക് ഉള്ള കാര്യമാണ്. അങ്ങനെ ചെയ്ത ഒരു സിനിമയാണ് ടിയാന്‍. അതിനുപകരം മതത്തിന് പുറത്തുനിന്ന് മതത്തെ വിമര്‍ശിച്ചാല്‍ മതതീവ്രവാദികള്‍ കേള്‍ക്കുക പോലുമില്ല. ആ മനശാസ്ത്രം അറിയാതെയാണ് വിമര്‍ശകര്‍ സംസാരിക്കുന്നത്', മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

'ലൂസിഫറി'ലൂടെ പൃഥ്വിരാജിലെ സംവിധായകനെ അടുത്തറിഞ്ഞതിനെക്കുറിച്ചും മുരളി ഗോപി സംസാരിച്ചു. 'സിനിമ എന്ന മാധ്യമത്തില്‍ അത്രയും ഗ്രാഹ്യമുള്ള ഒരു സംവിധായകന് മാത്രമേ ലൂസിഫര്‍ പോലെ വലിയ കാന്‍വാസ് തിരക്കഥയില്‍ തന്നെയുള്ള ഒരു സിനിമ സംവിധാനം ചെയ്യാനാവൂ. പക്ഷേ എനിക്കിപ്പോള്‍ തൃപ്തി തോന്നുന്നുണ്ട്, ലൂസിഫറിന്റെ തിരക്കഥ പൃഥ്വിരാജിനെ ഏല്‍പ്പിച്ചതില്‍.' പൃഥ്വിരാജ് മുന്‍പഭിനയിച്ച നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയായിരുന്നെന്നും മുരളി ഗോപി പറഞ്ഞു.

click me!