
മോഹന്‍ലാലിന്‍റെ (Mohanlal) പുതിയ ചിത്രം 'മരക്കാറി'നെതിരെ (Marakkar) സോഷ്യല്‍ മീഡിയയിലൂടെ നടന്നത് സംഘടിത ആക്രമണമാണെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരും മറ്റു സിനിമാപ്രവര്‍ത്തകരും ആരോപിച്ചിരുന്നു. വ്യത്യസ്‍ത താരാരാധകര്‍ക്കിടയിലുള്ള മത്സരമാണ് ഇതിന് ഇടയാക്കുന്നതെന്ന വിലയിരുത്തലുകളും പലരും നടത്തിയിരുന്നു. ചിത്രത്തിനെതിരെ പ്രധാനമായും പ്രവര്‍ത്തിച്ചത് മമ്മൂട്ടി (Mammootty) ആരാധകരാണെന്ന തരത്തില്‍ മോഹന്‍ലാല്‍ ആരാധകരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചിരുന്നു. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍ കുമാറും സമാനമായ ഒരു ആരോപണം ഉന്നയിച്ചിരുന്നു. 'മമ്മൂട്ടി സാറിന് തുറന്ന' കത്ത് എന്ന തലക്കെട്ടിലായിരുന്നു വിമലിന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ്.
മരക്കാറിനെതിരെ മമ്മൂട്ടി ആരാധകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ മമ്മൂട്ടി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു കുറിപ്പ്. എന്നാല്‍ ഈ പോസ്റ്റിന് വെല്ലുവിളിയുടെയും ഭീഷണിയുടെയും സ്വഭാവമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ വിമല്‍ കുറിപ്പ് പിന്‍വലിച്ചു. പിന്നാലെ പോസ്റ്റിന് ക്ഷമ ചോദിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
വിമല്‍ കുമാറിന്‍റെ കുറിപ്പ്
AKMFCWA എന്ന മോഹൻലാൽ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താല്പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്‍റെ സ്നേഹവായ്‍പ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. 'മമ്മൂട്ടി സാറിന് തുറന്ന കത്ത്' എന്ന രീതിയിൽ ഞാൻ എന്‍റെ മുഖപുസ്തകത്തിൽ പരാമർശിക്കുകയുണ്ടായി. ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ