Maanaadu : 'മാനാടി'ലെ സിംഗിള്‍ ഷോട്ട് ഫൈറ്റ് സീന്‍; സ്റ്റണ്ട് സില്‍വയെ അമ്പരപ്പിച്ച ചിമ്പു: വീഡിയോ

By Web TeamFirst Published Dec 5, 2021, 10:35 AM IST
Highlights

സ്റ്റണ്ട് സില്‍വയാണ് ചിത്രത്തിന്‍റെ സംഘട്ടന സംവിധായകന്‍

തിയറ്ററുകള്‍ തുറന്നതിനു ശേഷം തമിഴില്‍ രണ്ട് ചിത്രങ്ങളാണ് കാര്യമായി പ്രേക്ഷകപ്രീതി നേടിയത്. ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടറും' ചിലമ്പരശന്‍ (Silambarasan TR) നായകനായ 'മാനാടും' (Maanaadu). വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്‍ത മാനാട് ബോക്സ് ഓഫീസില്‍ ചിമ്പുവിന്‍റെ തിരിച്ചുവരവ് ചിത്രമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ട് ദിനത്തില്‍ തന്നെ 15 കോടി രൂപയാണ് ചിത്രം നേടിയത്. സംഘട്ടനരംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന ചിത്രത്തിലെ ഒരു പ്രധാന രംഗം യുട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സിംഗിള്‍ ഷോട്ട് ആയി ചിത്രീകരിച്ച ഒരു സംഘട്ടനരംഗമാണ് അത്.

തിയറ്ററുകളില്‍ ഏറെ ആവേശമുണര്‍ത്തിയ ഒരു രംഗമാണ് ഇത്. ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ ബ്ലോക്കിന് തൊട്ടുമുന്‍പായി കടന്നുവരുന്ന ഈ രംഗത്തിന് യുട്യൂബിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റണ്ട് സില്‍വയായിരുന്നു ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍. വെങ്കട് പ്രഭുവും ചിമ്പുവും ആദ്യമായി ഒരുമിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ്. 

ചിമ്പു അവതരിപ്പിച്ച അബ്‍ദുള്‍ ഖാലിദ് എന്ന നായക കഥാപാത്രത്തിന്‍റെ അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു എസ് ജെ സൂര്യ അവതരിപ്പിച്ച പ്രതിനായക കഥാപാത്രവും. ധനുഷ്കോടി എന്നു പേരായ ഡിസിപിയാണ് എസ് ജെ സൂര്യയുടെ കഥാപാത്രം. ഇരുവര്‍ക്കുമിടയിലെ മത്സരമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. കേരളത്തിലും ചിത്രം റിലീസ് ചെയ്യപ്പെട്ടെങ്കിലും മലയാളം റിലീസുകളുടെ ബാഹുല്യത്താല്‍ തിയറ്റര്‍ കൗണ്ട് കുറവാണ് ലഭിച്ചിരിക്കുന്നത്. എന്നാലും ചിത്രം കണ്ട മലയാളി പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. 

click me!