
ജോര്‍ജുകുട്ടി എന്ന പേരില്‍ മലയാള സിനിമയില്‍ പല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ആ പേര് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി സിനിമാപ്രേമിയുടെ മനസില്‍ ആദ്യമെത്തുന്ന മുഖം മോഹന്‍ലാലിന്‍റേത് ആയിരിക്കും. ജീത്തു ജോസഫിന്‍റെ ദൃശ്യം ഫ്രാഞ്ചൈസി പ്രേക്ഷകരില്‍ ഉണ്ടാക്കിയ സ്വാധീനം അത്രത്തോളമാണ്. ദൃശ്യം ആദ്യ ഭാഗം പുറത്തെത്തി 13 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ മൂന്നാം ഭാഗം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം എത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഇപ്പോഴിതാ അവിടെ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
തന്‍റെ സിനിമകളുടെ ആദ്യ ഷോ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് പലപ്പോഴും കണ്ടിട്ടുള്ള എറണാകുളം കവിത തിയറ്ററിലാണ് മോഹന്‍ലാല്‍ ഇത്തവണയും എത്തിയത്. അവിടെ നിന്നുള്ള ഒരു വീഡിയോയില്‍ ചിത്രം തീരുമ്പോള്‍ കണ്ണ് തുടയ്ക്കുന്ന മോഹന്‍ലാലിനെ കാണാം. ചിത്രത്തിലെ വൈകാരികത അദ്ദേഹത്തെ തൊട്ടെന്ന് ഉറപ്പ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മലയാളം ഒറിജിനലിനോടൊപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്‍റെ റിലീസ് ദിവസം തന്നെ മറുഭാഷാ ഡബ്ബിംഗ് പതിപ്പുകളും പുറത്തെത്തുന്നത് ആദ്യമായാണ്. ചിത്രത്തിനുള്ള പ്രേക്ഷകരുടെ വലിയ കാത്തിരിപ്പ് മനസിലാക്കി റിലീസിന് 11 ദിവസം മുന്‍പ് മലയാളം പതിപ്പിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു.
ഓപണിംഗില്‍ ചിത്രം വന്‍ നേട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ തന്നെ ചിത്രം വലിയ സംഖ്യ നേടിയിരുന്നു. ഇതിലൂടെ മാത്രം ബജറ്റ് റിക്കവറി നടത്തുകയെന്ന അപൂര്‍വ്വ നേട്ടം ദൃശ്യം 3 സ്വന്തമാക്കിയെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ആദ്യ രണ്ട് ഭാഗങ്ങളില്‍ ഉള്ളവര്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ