
നടൻ പൃഥ്വിരാജിന്റെ ആദ്യം സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനാകുന്നു. അതുതന്നെയാണ് ലൂസിഫർ എന്ന ചിത്രത്തിൽ പ്രേക്ഷകരെ ആകർഷിച്ച ഘടകം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികൾക്ക് മുന്നിലേക്ക് ലൂസിഫർ എത്തിയപ്പോൾ, വൻ ഹിറ്റായി മാറി. ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് പൃഥ്വിരാജും കൂട്ടരും അറിയിച്ചിരുന്നു. എമ്പുരാൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഏറെ ആവേശത്തോടെ ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. എന്നാകും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സെപ്റ്റംബർ 30 ആകുമ്പോഴേക്കും എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ട്വിറ്റർ ചർച്ചകൾ. നിലവിൽ വിലയാത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ഏറ്റ പരിക്കും തുടർന്ന് നടന്ന ശസ്ത്രക്രിയയ്ക്കും ശേഷം വീട്ടിൽ വിശ്രമത്തിലാണ് പൃഥ്വിരാജ്. സ്ക്രിപ്റ്റ് റീഡിങ്ങും മറ്റുമായി പൃഥ്വി എൻഗേജിഡ് ആണെന്ന് അടുത്തിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞിരുന്നു. അതേസമയം, ലൂസിഫറിന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
അതേസമയം, ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിച്ചാകും എമ്പുരാൻ നിർമിക്കുക എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ലൂസിഫർ നിർമിച്ചത് ആശിർവാദ് സിനിമാസ് ആയിരുന്നു. അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നടത്തിയ ലൊക്കേഷൻ ഹണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും.
വൃഷഭ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് അദ്ദേഹം അടുത്തിടെ അഭിനയിച്ചത്. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
'നിരഞ്ജൻ ആകേണ്ടിയിരുന്നത് ആ തമിഴ് നടന്മാരിൽ ഒരാൾ, മോഹൻലാലിലേക്ക് എത്തിയത് അങ്ങനെ'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..