
ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. മോഹൻലാലിന്റെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു ചിത്രത്തിലേത്. പി.എസ് റഫീഖ് ആയിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. വൻ പ്രീ റിലീസ് ഹൈപ്പുമായി തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. വലിയ പരാജയം ആയിരുന്നു ചിത്രം നേരിട്ടതും.
ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് രണ്ട് വർഷം ആകാൻ പോകുന്ന വേളയിൽ ചിത്രം ജപ്പാനിൽ റിലീസ് ചെയ്യാൻ പോകുന്നുവെന്ന വിവരം പങ്കുവയ്ക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2026 ജനുവരി 17ന് ആകും ജപ്പനീസ് റിലീസ്. 2024ൽ ആയിരുന്നു 'മലൈക്കോട്ടൈ വാലിബൻ' റിലീസ് ചെയ്തത്. ആ വർഷത്തെ മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം കൂടിയായിരുന്നു വാലിബൻ. വൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം, രണ്ടാം ഭാഗം വരുമെന്ന സൂചനയോട് കൂടിയായിരുന്നു ചിത്രം അവസാനിച്ചത്. എന്നാൽ വാലിബൻ ഒറ്റ ഭാഗം മാത്രമായി പ്ലാൻ ചെയ്തിരുന്ന സിനിമയാണെന്ന് നിർമ്മാതാക്കളിലൊരാളായ ഷിബു ബേബി ജോൺ അടുത്തിടെ വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധനേടി. "രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകാൻ നിർബന്ധിതമായിട്ട് കഥ കൊണ്ടുചെന്ന് അവസാനിപ്പിക്കുകയായിരുന്നു. അതാണ് സിനിമയ്ക്ക് തിരിച്ചടിയായത്. പ്രതീക്ഷകൾ വളരെ ഹൈ ആയതും ഒരു പ്രശ്നമായി. രണ്ടാം ഭാഗത്തിലേക്ക് പോകാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ ആ പടം കുറച്ച് നന്നായേനെ. എന്തായാലും രണ്ടാം ഭാഗം എന്നൊരു പരിപാടിയില്ല", എന്നും ഷിബു ബേബി ജോൺ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ