
മാസ് കമേഴ്സ്യല്‍ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഏറെ കൈയടി നേടിയിട്ടുള്ള ഗെറ്റപ്പ് ആണ് മുണ്ടുടുത്ത് മീശ പിരിച്ച് എത്തുന്ന സ്റ്റൈല്‍. ഇപ്പോഴിതാ അത്തരത്തിലുള്ള ഗെറ്റപ്പിലെ അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. താടി ട്രിം ചെയ്ത് മീശ പിരിച്ചുള്ളതാണ് പുതിയ ലുക്ക്. ദിലീപ് നായകനാവുന്ന ഭ ഭ ബ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിനായി ഉള്ളതാണ് പുതിയ ഗെറ്റപ്പ് എന്നാണ് സൂചന
സ്ത്രൈണ ഭാഗത്തില്‍ ചുവട് വെക്കുന്ന ഒരു പരസ്യം മോഹന്‍ലാലിന്‍റേതായി ഇന്നലെ പുറത്തെത്തിയത് സോഷ്യല്‍ മീഡിയ ഫീഡുകളില്‍ എങ്ങും നിറഞ്ഞുനില്‍ക്കുമ്പോഴാണ് പുതിയ ലുക്കും എത്തിയിരിക്കുന്നത് എന്നത് കൗതുകകരമാണ്. തുടരും സിനിമയില്‍ മോഹന്‍ലാലിന്‍റെ സഹതാരവും പ്രശസ്ത പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ്മയാണ് ഒരു ജ്വല്ലറി ബ്രാന്‍ഡിനുവേണ്ടിയുള്ള പ്രസ്തുത പരസ്യത്തിന്‍റെ സംവിധാനം.
അതേസമയം ദിലീപ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഭ ഭ ബ. ഭയം ഭക്തി ബഹുമാനം എന്നതിന്‍റെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു ഹൈ വോള്‍ട്ടേജ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും എന്ന പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു നേരത്തെ പുറത്തെത്തിയ ടീസര്‍. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ദിലീപിനൊപ്പം പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ചിത്രത്തിന്‍റെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കൊമെഡിയൻ റെഡിംഗ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.
അതേസമയം മോഹന്‍ലാലിന്‍റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ് ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ