എ ആര്‍ റഹ്മാനൊപ്പമുള്ള 'ആറാട്ട്' ഷൂട്ട്; അനുഭവം പറഞ്ഞ് മോഹന്‍ലാല്‍

By Web TeamFirst Published Mar 21, 2021, 7:35 PM IST
Highlights

24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും എ ആര്‍ റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ 'ഇരുവര്‍'ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എ ആര്‍ റഹ്മാന്‍ ആയിരുന്നു

മോഹന്‍ലാല്‍ നായകനാവുന്ന ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'ആറാട്ടി'ല്‍ സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ ഭാഗഭാക്കാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഒരു ഗാനരംഗത്തില്‍ റഹ്മാന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അതിന് സ്ഥിരീകരണം നല്‍കിയിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. എ ആര്‍ റഹ്മാനും ബി ഉണ്ണികൃഷ്‍ണനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റഹ്മാനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

"ആറാട്ടിനുവേണ്ടി സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാനൊപ്പമുള്ള അസാധാരണവും സവിശേഷവുമായ ഒരു ഷൂട്ട്", ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണമാണ് ഇതെന്നാണ് അറിയുന്നത്. വമ്പന്‍ സെറ്റിട്ട് മികച്ച സാങ്കേതിക പിന്തുണയോടെയുള്ള ചിത്രീകരണം ചെന്നൈയില്‍ ആണ്. 

 

24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും എ ആര്‍ റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ 'ഇരുവര്‍'ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എ ആര്‍ റഹ്മാന്‍ ആയിരുന്നു. 1992ല്‍ സംഗീതം ശിവന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ യോദ്ധായുടെ സംഗീതവും റഹ്മാന്‍ ആയിരുന്നു. സംഗീത സംവിധായകന്‍ എന്നതിലുപരി റഹ്മാന്‍ ബിഗ് സ്ക്രീനിലെത്തുന്നത് അപൂര്‍വ്വമാണ്. നേരത്തെ വിജയ് നായകനായ 'ബിഗിലി'ലെ ഒരു ഗാനരംഗത്തിലും റഹ്മാന്‍ എത്തിയിരുന്നു.

അതേസമയം 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.

click me!