12th Man : 'ട്വല്‍ത്ത് മാൻ' ഡയറക്ട് ഒടിടി റിലീസിന്, അറിയിപ്പുമായി മോഹൻലാല്‍

Published : Apr 22, 2022, 07:20 PM IST
12th Man : 'ട്വല്‍ത്ത് മാൻ' ഡയറക്ട് ഒടിടി റിലീസിന്, അറിയിപ്പുമായി മോഹൻലാല്‍

Synopsis

മോഹൻലാല്‍ നായകനാകുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസിന് (12th Man).

'ദൃശ്യം രണ്ടി'ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്‍മാൻ എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത (12th Man).

ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ട്വല്‍ത്ത് മാൻ ചിത്രം വൈകാതെ എത്തുമെന്ന് മോഹൻലാല്‍ തന്നെയാണ് അറിയിച്ചത്. എന്നാണ് റിലീസ് തിയ്യതി എന്ന് പ്രഖ്യാപിച്ചിട്ടില്ല.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.  ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.  

അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

Read More : ആക്ഷനില്‍ തകര്‍ത്താടുന്ന മോഹൻലാല്‍, 'ആറാട്ട്' ഫൈറ്റ് മേയ്‍ക്കിംഗ് വീഡിയോ

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. മോഹൻലാല്‍ നായകനായ ചിത്രം ആമസോണിലും വിജയകരമായി സ്‍ട്രീമിംഗ് ചെയ്‍തു.

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

'ആറാട്ട്' എന്ന ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.  'ആറാട്ട്' എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‍നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു സിനിമ. 'ആറാട്ട്' എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. 

കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്‍ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്.

എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്‍തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭം​ഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്‍ണന്‍ ചെയ്‍ത വളരെ വ്യത്യസ്‍തമായ ഒരു എന്‍റര്‍ടെയ്‍നര്‍ ആണിത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരുമെന്നുമായിരുന്നു മോഹൻലാല്‍ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍