യുഎഇ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

By Web TeamFirst Published Aug 23, 2021, 7:18 PM IST
Highlights

അബുദബി സര്‍ക്കാരിനുവേണ്ടി ഇരുവര്‍ക്കും താന്‍ നന്ദി അറിയിക്കുകയാണെന്ന് അബുദബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദി

യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചതില്‍ അബുദബി സര്‍ക്കാരിന് നന്ദി അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. ഒപ്പം ഇതിനുവേണ്ടി പ്രവര്‍ത്തിച്ച പ്രവാസി വ്യവസായി എം എ യൂസഫലിക്കും തങ്ങള്‍ നന്ദി പറയുന്നതായി ഇരുവരും അറിയിച്ചു. അബുദബി സാമ്പത്തിക വികസന വകുപ്പിന്‍റെ ഓഫീസില്‍ വച്ചാണ് മോഹന്‍ലാലും മമ്മൂട്ടിയും വിസ പതിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയത്. 

അബുദബി സര്‍ക്കാരിനുവേണ്ടി ഇരുവര്‍ക്കും താന്‍ നന്ദി അറിയിക്കുകയാണെന്ന് അബുദബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദി പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഭകളെയും പ്രധാന വ്യക്തിത്വങ്ങളെയും ആകര്‍ഷിക്കാനാണ് ഇത്തരമൊരു പദ്ധതി അബുദബി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

ഗോള്‍ഡന്‍ വിസയെ ഒരു ബഹുമതിയായിട്ടാണ് താനും മമ്മൂട്ടിയും കാണുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു- "യൂസഫലിക്കയ്ക്ക് ഒരു പ്രത്യേക നന്ദി. അദ്ദേഹം വളരെയധികം ഇതിനുവേണ്ടി ശ്രമിച്ചു. ഈ സര്‍ക്കാരിന്‍റെ ഗോള്‍ഡന്‍ വിസ ഞങ്ങള്‍ക്ക് കിട്ടിയിരിക്കുകയാണ്. ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ട്. പത്ത് വര്‍ഷത്തേക്കാണ് ഇത്. പിന്നീട് വീണ്ടും അത് നീട്ടിക്കിട്ടും. ഇതൊരു വലിയ അംഗീകാരമാണ്. ഒരു ബഹുമതി ആയിട്ടാണ് ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നത്. നമ്മുടെ സിനിമാ വ്യവസായത്തെ പ്രൊമോട്ട് ചെയ്യാനുള്ള അവസരങ്ങള്‍ നമുക്ക് തരാമെന്ന് പറഞ്ഞു. ഇങ്ങനെയൊരു കാലത്ത് അവര്‍ വരികയും ഞങ്ങളെയൊക്കെ സഹായിക്കാം എന്ന് പറയുകയും ചെയ്യുന്നത് വലിയ കാര്യമാണ്. ഒരു വലിയ വെളിപാട് പോലെയാണ് ഇത്. നന്ദി", മോഹന്‍ലാലിന്‍റെ വാക്കുകള്‍.

മലയാളികളില്ലെങ്കില്‍ ഇത്തരമൊരു നിലയിലേക്ക് തങ്ങള്‍ക്ക് ഉയരാന്‍ ആവുമായിരുന്നില്ലെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍- "യുഎഇ സര്‍ക്കാരിന്‍റെ വലിയ ആദരവ് ആണ് ഗോള്‍ഡന്‍ വിസ. ഇത് വളരെ സന്തോഷപൂര്‍വ്വം ഞങ്ങള്‍ സ്വീകരിക്കുന്നു. മലയാളികള്‍ തന്ന ഒരു വലിയ സമ്മാനമായിട്ടാണ് ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നത്. നിങ്ങളില്ലെങ്കില്‍ ഈ ഒരു അവസ്ഥയില്‍ എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. സര്‍ക്കാരിനും നന്ദി, ഇതിനൊക്കെ ഇവിടെ എത്തിച്ചുതന്ന യൂസഫലിക്കും നന്ദി", മമ്മൂട്ടി പറഞ്ഞു. 

അബുദബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വീസ പതിച്ച പാസ്‍പോര്‍ട്ടുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈമാറിയത്. രണ്ട് ദിവസം മുമ്പാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവരും ദുബൈയിൽ എത്തിയത്. എം എ യൂസഫലിയുടെ സഹോദരന്‍ എം എ അഷ്‍റഫലിയുടെ മകന്‍റെ വിവാഹ ചടങ്ങിലും ഇരുവരും പങ്കെടുത്തു. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!