'കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ'; പുതിയ സര്‍ക്കാരിന് ആശംസകളുമായി മോഹന്‍ലാല്‍

By Web TeamFirst Published May 20, 2021, 5:56 PM IST
Highlights

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റത്. ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്

സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സര്‍ക്കാരിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയനൊപ്പമുള്ള തന്‍റെ പഴയ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.

"പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും . സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്നേഹാദരങ്ങളോടെ മോഹൻലാൽ", അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റത്. ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. പ്രമുഖ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ആശംസകളും കോർത്തിണക്കി സംവിധായകൻ ടി.കെ.രാജീവ് കുമാർ ചിട്ടപ്പെടുത്തിയ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിരുന്നു. അഞ്ഞൂറ് പേർ പരിപാടിക്കുണ്ടാവും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചതെങ്കിലും നാനൂറ് പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തിയുള്ളൂ.  സത്യപ്രതിജ്ഞാച്ചടങ്ങ്  സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കിയിരുന്നു. മതസാമൂഹിക രംഗത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

click me!