
തിരുവനന്തപുരം: നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയ്ക്ക് തലസ്ഥാന നഗരത്തിന്‍റെ അന്ത്യാഞ്ജലി. തിരുവനന്തപുരം പൂജപ്പുര മുടുവൻമുകളിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും സിനിമാ ലോകത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വാത്സല്യനിധിയായ അമ്മ ആയിരുന്നു. മുടവൻമുകളിലെ വീട്ടിൽ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവർക്ക്, അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്‍റെയും മകന്‍റെ കൂട്ടുകാർക്ക് നൽകിയ കരുതലിന്‍റെയും ഓർമ്മകളാണ് പറയാനുണ്ടായിരുന്നത്.
മുടവൻമുകളിലെ കേശവദേവ് റോഡിലെ ഹിൽവ്യൂ എന്ന ആ പഴയ വീട്ടിൽ അവരുടെ ലാലുവിന്‍റെ അമ്മയെ അവസാനമായി കാണാൻ വീണ്ടും ഒത്തുകൂടുകയായിരുന്നു. ലാലുവിനെ പോലെ സുഹൃത്തുക്കൾക്കും ഭക്ഷണവും വാത്സല്യവും വിളമ്പിയ അമ്മക്ക് മുന്നിൽ അവരുടെ ഓർമ്മകൾ നിറകണ്ണുകളായി. സ്വന്തം അമ്മയെപ്പോലെ കരുതൽ തന്ന ഒരാളെയാണ് മോഹൻലാലിന് ഒപ്പം പഠിച്ച നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന് നഷ്ട്ടമായത്. മോഹൻലാലിന്‍റെ അമ്മയുമായുള്ള ഓര്‍മകളും സുരേഷ് കുമാര്‍ പങ്കുവെച്ചു. മോഹൻലാലിന്‍റെ ആദ്യ സിനിമ തിരനോട്ടം ചിത്രീകരിച്ചത് മുടവൻമുകളിലെ വീട്ടിലും പരിസരത്തുമാണ്. അന്ന് അമ്മ നൽകിയ പിന്തുണ ഛായാഗ്രാഹകനായ എസ് കുമാര്‍ അടക്കമുള്ള മോഹൻലാലിന്‍റെ സുഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു. മോഹൻലാലിന്‍റെ സുഹൃത്തുക്കൾക്കായി എപ്പോഴും വാതിൽ തുറന്നിട്ടിരുന്നുവെന്ന് സംവിധായകൻ സുരേഷ് ബാബു പറഞ്ഞു.
മോഹൻലാലിന്‍റെയും കൂട്ടുകാരുടെയും കുസൃതികൾക്ക് കൂട്ട് നിന്ന വലിയ മനസ്സ് വിട വാങ്ങുമ്പോൾ ഒരു തലമുറയുടെ സൗഹ്യദത്തിന്‍റെ വേരുകളാണ് അറ്റുപോകുന്നത്. മുടുവൻ മുകളിലെ വീട്ടിൽ രാവിലെ മുതൽ ആളുകളുടെ ഒഴുക്കായിരുന്നു. മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികളടക്കമുള്ളവരും സിനിമ മേഖലയിലെ പ്രമുഖരും അന്തിമോചപാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ മരണം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. പൊതുദര്‍ശനത്തിനുശേഷം ഇന്ന് വൈകിട്ട് മുടുവൻമുകളിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ