
മലയാള സിനിമ ഇന്‍ഡസ്ട്രി എന്ന നിലയില്‍ വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറുന്ന വര്‍ഷങ്ങളാണ് ഇത്. മാര്‍ക്കറ്റ് വലിയ തോതില്‍ വികസിക്കുന്നതിനൊപ്പം അതിനുതക്ക ഉള്ളടക്കങ്ങളും നല്‍കാനാവുന്നു എന്നതാണ് മോളിവുഡിന്‍റെ ഇന്ത്യയിലെ മറ്റ് സിനിമാ വ്യവസായങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. മറുഭാഷാ പ്രേക്ഷകര്‍ക്കും കണക്റ്റ് ചെയ്യാനാവുന്ന ലോക പോലെയുള്ള ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സാധ്യതയുടെ പുതിയ ലോകമാണ് തുറന്നു കൊടുക്കുന്നത്. കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ മറുഭാഷാ പ്രേക്ഷകര്‍ ഇപ്പോള്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ പോയി കാണുന്നുണ്ട്. ഒപ്പം ഒരുകാലത്ത് വിദേശ മാര്‍ക്കറ്റ് എന്നത് ഗള്‍ഫ് മാത്രമായിരുന്ന സാഹചര്യത്തില്‍ നിന്ന് മലയാളികള്‍ ഉള്ളിടത്തെല്ലാം മലയാള സിനിമകള്‍ റിലീസ് ചെയ്യുന്ന അവസ്ഥയിലെത്തി. 2026 മലയാള സിനിമയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ പകരുന്ന വര്‍ഷമാണ്. വലിയ വിജയസാധ്യതയുള്ള, വേറിട്ട ഉള്ളടക്കങ്ങളുള്ള ഒരു നിര ചിത്രങ്ങള്‍ അടുത്ത വര്‍ഷം പ്രേക്ഷകരെ തേടി എത്തും. അതില്‍ പ്രധാനപ്പെട്ട ചിലത് ഏതൊക്കെയെന്ന് നോക്കാം.
1. ദൃശ്യം 3
ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന മലയാളത്തിലെ റിലീസ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ രണ്ടാം ഭാഗത്തിന് തരാന്‍ കഴിയാതെപോയ വന്‍ ബോക്സ് ഓഫീസ് വിജയം ലക്ഷ്യം വെക്കുന്ന സിനിമ. പോസിറ്റീവ് അഭിപ്രായം വന്നുകഴിഞ്ഞാല്‍ കളക്ഷന്‍ പ്രവചിക്കാനാവാത്ത ചിത്രം.
2. പാട്രിയറ്റ്
ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരൊക്കെയുണ്ട്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രം അടുത്ത വര്‍ഷം വലിയ പ്രതീക്ഷ തരുന്ന ഒന്നാണ്.
3. മമ്മൂട്ടി- ഖാലിദ് റഹ്‍മാന്‍ ചിത്രം
ഉണ്ടയ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‍മാനും ഒന്നിക്കുന്ന ചിത്രം. മാര്‍ക്കോയുടെ നിര്‍മ്മാതാക്കളായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മാണം. ആക്റ്റര്‍- ഡയറക്റ്റര്‍ കോമ്പോയ്ക്കൊപ്പം മികച്ച നിര്‍മ്മാതാവും എത്തുമ്പോള്‍ പ്രതീക്ഷ ഉയരുക സ്വാഭാവികം.
4. മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം
തുടരും ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ആഷിഖ് ഉസ്മാന്‍റെ നിര്‍മ്മാണത്തില്‍ നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഈ ചിത്രം നടക്കാതെപോയി. പിന്നാലെയാണ് ഈ അനൗണ്‍സ്‍മെന്‍റ് വന്നത്.
5. ഐ ആം ഗെയിം
ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രം ഒരുപക്ഷേ മറുഭാഷാ പ്രേക്ഷകരുടെ പ്രീതിയിലേക്കും എത്തിയേക്കാം.
6. ബദ്‍ലഹേം കുടുംബ യൂണിറ്റ്
സര്‍വ്വം മായയിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ നിവിന്‍ പോളിയുടെ ഏറെ കൗതുകമുണര്‍ത്തുന്ന പ്രോജക്റ്റ്. പ്രേമലുവും തണ്ണീര്‍ മത്തന്‍ ദിനങ്ങളുമൊക്കെ ഒരുക്കിയ ഗിരീഷ് എ ഡിയാണ് സംവിധാനം. നിര്‍മ്മാണം ഭാവന സ്റ്റുഡിയോസും.
7. ഖലീഫ
വൈശാഖിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ചിത്രം. മഞ്ഞലോഹത്തിന്‍റെ പശ്ചാത്തലത്തില്‍ അതിന്‍റെ കച്ചവടത്തിന്‍റെയും അധോലോകത്തിന്‍റെയും കഥ പറയുന്ന ചിത്രം. രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍. ഖലീഫയില്‍ അദ്ദേഹം അതിഥിവേഷത്തിലും എത്തും.
8. അതിരടി
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം. ഒരു മാസ്സ് കളർഫുൾ ക്യാമ്പസ് എന്റർടെയ്നര്‍ ആയിരിക്കും ചിത്രം.
9. ബാലന്‍
മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം. വിജയ്‍യുടെ അവസാന ചിത്രം ജന നായകന്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്ന കന്നഡയിലെ പ്രശസ്ത ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ചിത്രത്തെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
10. കത്തനാര്‍
മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം. വര്‍ഷങ്ങളായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ കടമറ്റത്ത് കത്തനാരായി എത്തുന്നത് ജയസൂര്യ. സംവിധാനം റോജിന്‍ തോമസ്
11. ആട് 3
പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള ജയസൂര്യ കഥാപാത്രം ഷാജി പാപ്പനും പിള്ളേരും ഇടവേളയ്ക്ക് ശേഷം വീണ്ടും എത്തുന്നു. സംവിധാനം മിഥുന്‍ മാനുവല്‍ തോമസ്.
12. പള്ളിച്ചട്ടമ്പി
ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്
13. ടിക്കി ടാക്ക
ആസിഫ് അലിയുടെ ആക്ഷന്‍ അവതാരം കാണാനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം. കള ഉള്‍പ്പെടെ ഒരുക്കിയ രോഹിത് വി എസ് സംവിധാനം. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കൊക്കെ വന്‍ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്.
14. വല
ഗഗനചാരിക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രം. ജഗതി ശ്രീകുമാറിന്‍റെ സാന്നിധ്യം വലിയ ഹൈപ്പ് ആവും ചിത്രത്തിന് തരുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ