
ഭോപ്പാല്‍: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെ ഷാരൂഖ് ഖാന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന ‘പഠാൻ’ എന്ന ചിത്രത്തിനെതിരെ മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം രംഗത്ത്. ചിത്രത്തിലെ ആദ്യ ഗാനമായ ബേഷാരം രംഗ് നായിക ദീപിക പാദുകോണിന്‍റെ വസ്ത്രത്തിന്‍റെ നിറത്തെച്ചൊല്ലി വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സ്പീക്കര്‍ തന്നെ രംഗത്ത് എത്തിയത്.
ലൈവ് ഹിന്ദുസ്ഥാനോട് ഗിരീഷ് ഗൗതം പറഞ്ഞത് ഇതാണ്, "ഷാരൂഖ് തന്റെ മകൾക്കൊപ്പം ഇരുന്ന് ഈ സിനിമ കാണണം, അങ്ങനെ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് മകൾക്കൊപ്പം ഇത് കാണുന്നുവെന്ന് ലോകത്തോട് വിളിച്ച് പറയണം. പ്രവാചകനെക്കുറിച്ച് സമാനമായ ഒരു സിനിമ നിർമ്മിച്ച് അത് പ്രദര്‍ശിപ്പിക്കാന്‍ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു ".
ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൾ 22 കാരിയായ സുഹാന ഖാൻ ഉടൻ തന്നെ സോയ അക്തറിന്റെ 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
ബേഷാരം രംഗ് ഗാനത്തിലെ ചില രംഗങ്ങൾ തിരുത്തിയില്ലെങ്കിൽ മധ്യപ്രദേശിൽ സിനിമയുടെ പ്രദർശനം സംബന്ധിച്ച് എന്ത് ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ആലോചിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി മിശ്ര പറഞ്ഞതിന് പിന്നാലെയാണ് പഠാന്‍ സിനിമയ്ക്കെതിരായ വിവാദം കനക്കുന്നത്.
ഷാരൂഖിന്റെയും ദീപികയുടെയും വസ്ത്രങ്ങളുടെ നിറങ്ങളും പാട്ടിന്റെ വരികൾക്കൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍ അടക്കം തിരുത്തേണ്ടത് ആവശ്യമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പറഞ്ഞു.
നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബെഷ്റം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതിൽ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ഥ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.
'ഡഫൽ ബാഗ് പോലെ, എല്ലാം മൂടിവച്ചതെന്തേ ?': ദീപികയെ വിടാതെ വിമർശകർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ