'അഭിനയ സങ്കേതത്തിലെ പ്രധാന വ്യത്യാസം'; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് എം ആര്‍ ഗോപകുമാര്‍

Published : Mar 06, 2026, 02:06 PM IST
mr gopakumar explains difference in acting styles of mammootty and mohanlal

Synopsis

നടൻ എം ആർ ഗോപകുമാർ, മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും അഭിനയ സങ്കേതങ്ങളിലെ പ്രധാന വ്യത്യാസത്തെക്കുറിച്ച് പറയുന്നു

ദശാബ്ദങ്ങളായി മലയാളി സിനിമാപ്രേമികളുടെ പ്രധാന ചര്‍ച്ചകളിലൊന്നാണ് മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടന്‍ എന്നത്. രണ്ട് പേരും മലയാള സിനിമയുടെ അഭിമാനങ്ങളായ നടന്മാരാണെങ്കിലും പുതിയ കാലത്തും ഈ ചര്‍ച്ച നടന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കുമൊപ്പം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള എം ആര്‍ ഗോപകുമാര്‍ രണ്ട് പേരുടെയും അഭിനയ സങ്കേതങ്ങളിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ച് പറയുകയാണ്. ഭരത് ഗോപി തനിക്ക് പകര്‍ന്ന അഭിനയപാഠം പ്രാവര്‍ത്തികമാക്കിയ നടനാണ് മോഹന്‍ലാല്‍ എന്ന് ഗോപകുമാര്‍ പറയുന്നു. മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപകുമാറിന്‍റെ പ്രതികരണം.

എം ആര്‍ ഗോപകുമാര്‍ പറയുന്നു

“എന്നെ അതിശയപ്പെടുത്തിയ ഒരു നടന്‍ ഭരത് ഗോപിയാണ്. അദ്ദേഹത്തിന്‍റെ അഭിനയത്തില്‍ ഒരു അനായാസതയുണ്ട്. അതിന് മുന്‍പൊക്കെ ഞാന്‍ വിചാരിച്ചിരുന്നത്, ഒരു കഥാപാത്രം ആയിക്കഴിഞ്ഞാല്‍ അതില്‍ത്തന്നെ പിടിച്ചുനില്‍ക്കണം, നമ്മുടെ ശ്രദ്ധ മറ്റൊന്നിലേക്കും മാറാന്‍ പാടില്ല എന്നായിരുന്നു. നാടകത്തില്‍ നിന്ന് പഠിക്കുന്ന രീതിയാണ് അത്. കഥാപാത്രമായാല്‍ അധികം ആരോടും തമാശ പറയാന്‍ പാടില്ല, വര്‍ത്തമാനം പറയരുത് എന്നൊക്കെയാണ് ഞാന്‍ വിചാരിച്ചിരുന്നത്. അതല്ല ശരിയെന്ന് എന്നോട് ആദ്യമായി പറഞ്ഞത് ഭരത് ഗോപിയാണ്. പ്രത്യേകിച്ചും സിനിമയില്‍. ആക്ഷനും കട്ടിനും ഇടയില്‍ അഭിനയം തീര്‍ന്നിരിക്കണം. അവരാണ് നടന്മാര്‍. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മോഹന്‍ലാല്‍”, ഗോപകുമാര്‍ പറയുന്നു.

“ഷോട്ടിന് തൊട്ടുമുന്‍പ് വരെ പുള്ളി അടിച്ചുപൊളി തമാശയും പറഞ്ഞ് ചിരിച്ച് ബഹളം വച്ച് ഒക്കെ ആയിരിക്കും ഇരിക്കുന്നത്. പക്ഷേ ടേക്ക് എന്ന് പറയുമ്പോഴേക്ക് പുള്ളി ആള് മാറും. ആ ക്യാരക്റ്റര്‍ ആവും. അതാണ് വേണ്ടത്”, ഗോപകുമാര്‍ പറയുന്നു. ക്യാരക്റ്റര്‍ ആയി ദൂരെ മാറിയിരുന്ന് കഥാപാത്രമായി ജീവിക്കുന്ന നടന്മാരെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എത്രയോ പേരെ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. അതിന്‍റെ ആവശ്യമില്ലെന്നും പറയുന്നു അദ്ദേഹം. മമ്മൂട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നേരത്തെ താന്‍ പറഞ്ഞ രീതിയുമായി കുറച്ചുകൂടി ഇന്‍വോള്‍വ്ഡ് ആയ നടനാണെന്നാണ് ഗോപകുമാറിന്‍റെ മറുപടി. “പക്ഷേ രണ്ട് പേരും മലയാളത്തെ സംബന്ധിച്ചിടത്തോളം ഗ്രേറ്റ് ആയിട്ടുള്ള ആക്ടേഴ്സ് ആണ്. യാതൊരു സംശയവുമില്ല”, ഗോപകുമാര്‍ പറഞ്ഞവസാനിപ്പിക്കുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നാല് സിനിമകള്‍ വീതം ചെയ്തിട്ടുണ്ട് ഗോപകുമാര്‍. മമ്മൂട്ടിക്കൊപ്പം ചെയ്തതില്‍ വിധേയനും മോഹന്‍ലാലിനൊപ്പം അഭിനയിച്ചതില്‍ പുലിമുരുകനുമായിരുന്നു ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതൊരു ശരിയായ രീതിയല്ല', വിജയ്‍യെ രൂക്ഷമായി വിമര്‍ശിച്ച് നടി സനം ഷെട്ടി
സഞ്ജുവോ ദുല്‍ഖറോ അല്ല; ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ഫോളോവേഴ്സ് ഉള്ള മലയാളി ആ താരം