'നീരവ് മോദിയെപ്പോലെ രാജ്യംവിടും'; രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുതെന്ന് മുംബെെ പൊലീസ്

By Web TeamFirst Published Aug 13, 2021, 10:05 AM IST
Highlights

കഴിഞ്ഞ മാസമായിരുന്നു അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍‍  കുന്ദ്രയെ അറസ്റ്റ് ചെയ്തത്.
 

ബിസിനസുകാരനും നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍‍ അറസ്റ്റിലായതിന്‍റെ അലയൊലികളിലാണ് ബോളിവുഡ് സിനിമാ ലോകം. ഇപ്പോഴിതാ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന് പറയുകയാണ് മുംബൈ പൊലീസ്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന. 

കുന്ദ്രയ്ക്ക് ജാമ്യം നൽകുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ കുറ്റം വീണ്ടും ചെയ്തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഓഗസ്റ്റ് 20-ന് പരിഗണിക്കും. 

ഏപ്രിലിൽ ഫയൽചെയ്ത എഫ്ഐആറിൽ തന്റെ പേരില്ലായിരുന്നുവെന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കുന്ദ്രയുടെ വാദം. അന്നത്തെ കുറ്റപത്രത്തിൽ പേരുള്ളവർ ഇപ്പോൾ ജാമ്യംനേടി പുറത്തുനടക്കുകയാണെന്നും കുന്ദ്ര കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു. ഇതിനുള്ള മറുപടിയിലാണ് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണെന്നും എല്ലാ വീഡിയോകളും അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചത്. 

കേസിലെ പ്രതിയും ഇപ്പോൾ ഒളിവിൽ കഴിയുകയും ചെയ്യുന്ന പ്രദീപ് ബക്ഷിയുടെ ബന്ധുകൂടിയാണ് കുന്ദ്ര. അതിനാൽ കുന്ദ്ര പുറത്തുവന്നാൽ ഇരുവരും തമ്മിൽ ബന്ധപ്പെടാനും ബക്ഷിയെ കേസിൽനിന്ന് രക്ഷിക്കാനുമുള്ള സാധ്യതയുണ്ടാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമായിരുന്നു അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍‍  കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!