'ആദ്യം ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ', നെറ്റ്ഫ്ലിക്സിനെ വിമര്‍ശിച്ച് എൻ എസ് മാധവൻ

By Web TeamFirst Published Jul 9, 2021, 1:20 PM IST
Highlights

ബീഫിന്റെ സബ്‍ടൈറ്റിലായി 'bdf' എന്ന് എഴുതിയതിന് ആണ് വിമര്‍ശനം.

പ്രാദേശിക ഭാഷകളിലെ കണ്ടന്റ് ലക്ഷ്യമിടുന്നുവെന്ന് സൂചന നല്‍കി കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് സൗത്ത് ഇന്ത്യ ആന്തം പുറത്തുവിട്ടിരുന്നു. ‘നമ്മ സ്റ്റോറീസ്’ എന്ന റാപ് ആന്തത്തില്‍ മലയാളികളുടെ പ്രതിനിധിയായി നീരജ് മാധവ് ആണ് ഉള്ളത്. മലയാളത്തിലുള്ള റാപ് മോഡല്‍ ഗാനശകലവും സൗത്ത് ഇന്ത്യ ആന്തത്തില്‍ ഉണ്ടായിരുന്നു. ഗാനത്തിന്റെ സബ്‍ടൈറ്റിലില്‍ ബീഫിന്റെ സ്‍പെല്ലിംഗ് തെറ്റായി എഴുതിയതില്‍ നെറ്റ്ഫ്ലിക്സിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് സാഹിത്യകാരൻ എൻ എസ് മാധവൻ.

Podey , before you try to appropriate Malayalam with tharikida dialogues, learn the spelling of beef. It is B-E-E-F. Don’t come here with sanghiphobia. pic.twitter.com/YgyNK5EGkB

— N.S. Madhavan (@NSMlive)

എവിടെ പോയാലും ഞാൻ മിണ്ടും മലയാളത്തില്‍. പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത് എന്നായിരുന്നു വരികള്‍. ഇതിന് സബ്‍ടൈറ്റില്‍ ചെയ്‍തപ്പോള്‍  'bdf' എന്ന് എഴുതിയതിനെയാണ് എൻ എസ് മാധവൻ വിമര്‍ശിച്ചിരിക്കുന്നത്. മലയാളത്തിന് ഉചിതമായ തരികിട ഡയലോഗുകള്‍ കണ്ടെത്താൻ ശ്രമിക്കുന്നതിന് മുമ്പ് ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ എന്നാണ് എൻ എസ് മാധവൻ എഴുതിയിരിക്കുന്നത്.

മലയാളത്തിന് ഉചിതമായ തരികിട ഡയലോഗുകള്‍ കണ്ടെത്താൻ ശ്രമിക്കുന്നതിന് മുമ്പ് ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ. 'beef' ആണ്. സംഘിഫോബിയയുമായി ഇങ്ങോട്ടുവരരുത് എന്നുമാണ് എൻ എസ് മാധവൻ എഴുതിയിരിക്കുന്നത്.

നൂറ് ശതമാനം സാക്ഷരത, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം, റസൂല്‍ പൂക്കൂട്ടിയുടെ ഓസ്‌കാര്‍ നേട്ടം, മോഹന്‍ലാല്‍, മമ്മൂട്ടി, കഥകളി, വള്ളംകളി തുടങ്ങിയവയൊക്കെ  നീരജ് മാധവിന്റെ വരികളില്‍ പറഞ്ഞിരുന്നു. അറിവ്, സിരി, ഹനുമാന്‍ കൈന്‍ഡ് എന്നിവരാണ് ആന്തത്തില്‍ വരുന്ന മറ്റ് പ്രമുഖര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രേക്ഷകരോട് സംവദിക്കാന്‍ പ്രത്യേക ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇപോള്‍ ആന്തവും പുറത്തുവിട്ടിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ പ്രധാന സീരീസുകളിലൊന്നായ നാര്‍കോസിലെ പാബ്ലോ എസ്‌കോബാറിനെ മുണ്ടുടുപ്പിച്ചാണ് ആദ്യം ഇതുസംബന്ധിച്ച് നെറ്റ്ഫ്ലിക്സ് സൂചന നല്‍കിയത്. തുടര്‍ന്ന് പ്രാദേശിക ഭാഷകള്‍ സൂചിപ്പിച്ചുള്ള ട്വീറ്റുകളും വന്നു തുടങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള തദ്ദേശീയമായ കഥകള്‍ ഇനി നെറ്റ്ഫ്ലിക്സില്‍ കാണാമെന്ന് തന്നെയാണ്  സൗത്ത് ഇന്ത്യൻ ആന്തം സൂചിപ്പിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!