കശ്മീർ ഫയൽസ് വിവാദം: കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നദാവ്, മാപ്പ് പറഞ്ഞു

By Web TeamFirst Published Dec 1, 2022, 4:35 PM IST
Highlights

നദാവ് ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്നും ഇസ്രയേലിന് ബന്ധമില്ലെന്നും  കോണ്‍സുല്‍ ജനറല്‍ കോബി ഷോഷാനിയും പ്രതികരിച്ചിരുന്നു

ദില്ലി: ഗോവയിൽ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കാശ്മീർ ഫയൽസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ജൂറി അധ്യക്ഷനായ നദാവ് ലാപിഡ്. കശ്മീർ ഫയൽസിനെതിരായ തന്റെ വിമർശനത്തിലൂടെ കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നദാവ് ലാപിഡ് തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും വ്യക്തമാക്കി.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂ‍ർ അടക്കമുള്ളവരെ സാക്ഷിയാക്കിയാണ് ജൂറി ചെയർമാൻ വിമർശനം ഉന്നയിച്ചത്. സംഭവം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തെ ‌ഞെട്ടിച്ചിരുന്നു.  കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം ആധാരമാക്കിയുള്ള സിനിമക്ക് നികുതി ഇളവ് നല്‍കി പ്രത്സാഹിപ്പിച്ചിരുന്ന ബിജെപിക്ക്  പരസ്യ വിമർശനം തിരിച്ചടിയുമായി.   

വിഷയം വലിയ ചർച്ചയായതോടെ സംവിധായകനെ കൈവിട്ട് ഇസ്രായേല്‍ അംബാസിഡ‍ർ രംഗത്ത് വന്നു. നദാവ് ലാപിഡ് സ്വന്തം പരാമർശങ്ങളില്‍ ലജ്ജിക്കണമെന്ന് പറ‍ഞ്ഞ അംബാസിഡ‍ർ നഓർ ഗിലോണ്‍,   ഇന്ത്യയോട് ക്ഷമചോദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തു.  നദാവ് ലാപിഡിനെ ഐഎഫ്എഫ്ഐ ജൂറി ചെയർമാനാക്കിയത് ഇസ്രേയേല്‍ - ഇന്ത്യ ബന്ധം കണക്കിലെടുത്താണെന്നും ആ പദവി സംവിധായകൻ ദുരുപയോഗിച്ചുവെന്നും അംബാസിഡ‍ർ കുറ്റപ്പെടുത്തി. 

നദാവ് ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്നും ഇസ്രയേലിന് ബന്ധമില്ലെന്നും  കോണ്‍സുല്‍ ജനറല്‍ കോബി ഷോഷാനിയും പ്രതികരിച്ചിരുന്നു. കശ്മീർ ഫയൽസ് ചിത്രത്തിലെ നായകനായ അനുപം ഖേറിനോട് കോണ്‍സുല്‍ ജനറല്‍ ക്ഷമചോദിച്ചിരുന്നു. ജൂത വംശഹത്യ ശരിയാണെങ്കില്‍ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയാണെന്നായിരുന്നു  അനുപം ഖേറിന്‍റെ പ്രതികരണം. ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്ന്  കോണ്‍സുല്‍ ജനറലിനോട് പറഞ്ഞതായും അനുപം ഖേർ പിന്നീട് വ്യക്തമാക്കി.  രാജ്യം ഔദ്യോഗികമായി കൈവിട്ടതോടെയാണ് സംവിധായകൻ സംഭവത്തിൽ മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.
 

click me!