
എത്ര കാശ് തരാമെന്ന് പറഞ്ഞാലും ബിജെപി പാർട്ടിയുമായി സഹകരിക്കില്ലെന്ന് ബിഗ് ബോസ് താരവും മാധ്യമപ്രവർത്തകയും മോഡലുമായ നാദിറ മെഹ്റിൻ. അവരുമായി സഹകരിക്കില്ലെന്നത് തന്റെ നിലാപാടാണെന്നും തന്റെ സഹോദരങ്ങൾ സമാധാനത്തോടെ കിടന്നുറങ്ങുന്നത് കാണാനാണ് ആഗ്രഹമെന്നും നാദിറ വ്യക്തമാക്കി. ശോഭാ സുരേന്ദ്രൻ വോട്ടിന് വേണ്ടി കാശ് കൊടുത്തെന്ന ആരോപണത്തിലും നാദിറ പ്രതികരിച്ചിട്ടുണ്ട്.
"ഞാന്‍ ഒരിക്കലും ട്വിന്‍റി ട്വിന്‍റിയിലേക്ക് പോകില്ല. അതുമാത്രമല്ല എന്‍ഡിഎയുമായി ഒരുതരത്തിലും സഹകരിക്കുകയും ഇല്ല. ഇതെന്‍റെ അഭിപ്രായമല്ല എന്‍റെ വ്യക്തപരമായ നിലപാട് ആണ്. എത്ര പണം തരാന്ന് പറഞ്ഞാലും പോകില്ല. കാശലല്ലല്ലോ ഒന്നും. കാശിന് അപ്പുറത്തേക്ക് എന്‍റെ സഹോദരങ്ങൾ സമാധാനത്തോടെ കിടന്നുറങ്ങുന്നതാണ് എന്‍റെ സന്തോഷം", എന്നായിരുന്നു നാദിറയുടെ വാക്കുകൾ.
"ബിജെപിക്ക് വലിയൊരു നാണക്കേടാണിത്. കിറ്റ് കൊടുക്കുക, കാശ് കൊടുക്കുക ഇതല്ലല്ലോ ജനാധിപത്യ മര്യാദ. ആര് നല്ലതാണെന്ന് ചിന്തിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. സ്വാധീനത്തില്‍ വീഴാതിരിക്കുക എന്നതാണ് ജനങ്ങളുടെ കടമ. പക്ഷേ അവര്‍ താല്കാലികമായിട്ടുള്ള ആശ്വാസമായി പണം വാങ്ങി വോട്ട് ചെയ്യുന്നു. അതൊരു കാശ് കൊടുത്ത് വാങ്ങിക്കുന്ന വോട്ടിംഗ് ബാങ്ക് പോലെയാണ്. ശോഭാ സുരേന്ദ്രന്‍ ചെയ്തത് വളരെ നാണംകെട്ട പരിപാടി ആയിപ്പോയി. എന്തായാലും വിജയ സാധ്യതയില്ല. ജയിച്ചാല്‍ തന്നെ എത്തരത്തില്‍ വിജയിച്ചു എന്ന് നമ്മള്‍ വിലയിരുത്തണം. ജനാധിപത്യ മര്യാദയോട് കൂടി നടന്നൊരു വോട്ടിംഗ് പാറ്റേണ്‍ അല്ല എന്നുള്ളത് കൂടിയാണ് നമ്മള്‍ മനസിലാക്കേണ്ടത്. കിറ്റ് കൊടുത്തതും കാശ് കൊടുത്തതും വളരെ മോശപ്പെട്ടൊരു കാര്യമാണ്", എന്നാണ് ശോഭാ സുരേന്ദ്രൻ വിഷയത്തിൽ നാദിറ മെഹ്റിൻ പറഞ്ഞത്.
സുരേഷ് ഗോപിയെ മന്ത്രിയാകണമെന്ന് ഒരിക്കൽ വിചാരിച്ചിരുന്നുവെന്നും ഇപ്പോഴതിൽ കുറ്റബോധം ഉണ്ടെന്നും നാദിറ പറയുന്നു. "ഒരു സാധാരണ മനുഷ്യന്‍ തനിക്ക് വീടില്ലെന്ന് പറഞ്ഞ് ഒരു ശുപാര്‍ശയുമായി പോകുമ്പോള്‍, ഇതെന്‍റെ വകുപ്പല്ലെന്ന് പറയുന്ന ഭരണാധികാരി നമുക്കുണ്ടെങ്കില്‍ അതാണ് ആ നാടിന്‍റെ ഏറ്റവും വലിയ തോല്‍വി. ഞാനടക്കമുള്ള ആള്‍ക്കാര്‍ ഏതെങ്കിലും സമയത്ത് ആഗ്രഹിച്ചിട്ടുണ്ടാകും സുരേഷ് ഗോപി മന്ത്രി ആയിരുന്നെങ്കിലെന്ന്. പക്ഷേ പിന്നീട് വരരുതായിരുന്നെന്ന് തോന്നി. ഇതെന്‍റെ വകുപ്പല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ മാത്രം വിവരമില്ലായ്മ പുള്ളിക്ക് എവിടുന്ന് സംഭവിച്ചു എന്നുള്ളതാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്. തൃശൂര് കാര്‍ക്ക് ആ കുറ്റബോധം ഇപ്പോഴുണ്ടാകുമെന്നാണ് എന്‍റെ വിശ്വാസം", എന്നായിരുന്നു നാദിറയുടെ വാക്കുകൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ