
മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കളങ്കാവലിന് ആശംസയുമായി നടനും സംവിധായകനുമായ നാദിര്‍ഷ. മമ്മൂട്ടിയും വിനായകനും ഞെട്ടിക്കുമെന്ന് മനസ് പറയുന്നുവെന്നും കളങ്കാവല്‍ നാളെ ഉറപ്പായും കളംപിടിക്കുമെന്നും നാദിര്‍ഷ പറഞ്ഞു. ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മമ്മൂട്ടിയുടേതായും വിനായകന്‍റെയും അവതരണത്തിനും ചോദ്യങ്ങള്‍ക്കും പിന്നില്‍ രമേഷ് പിഷാരടി ആണെന്നും നാദിര്‍ഷ പറയുന്നു.
‘കളങ്കാവൽ സിനിമയുടെ ആദ്യ പോസ്റ്റർ മുതൽ ഏറെ ആകാംക്ഷ ഉണർത്തിയ സിനിമ. മമ്മൂക്കയും വിനായകനും ഞെട്ടിക്കുമെന്ന് മനസ്സ് ഉറപ്പിച്ചു പറയുന്നു. കാരണം അത്തരത്തിൽ കൃത്യതയും വ്യക്തതയും ഉള്ളതാണ് ഓരോ കരുനീക്കവും. ഈ കഴിഞ്ഞ ദിവസം പുറത്തുവന്ന മമ്മൂക്കയുടെയും വിനായകന്റെയും ഇന്‍റര്‍വ്യു ഏറെ പ്രശംസ പിടിച്ചുപറ്റുകയും ശ്രദ്ധ നേടുകയും ഒക്കെ ചെയ്തപ്പോൾ കൃത്യമായ ചോദ്യങ്ങൾക്കും അവതരണപുതുമക്കും പിന്നിൽ ആരെന്ന് വെറുതെ ഒന്നന്വേഷിച്ചു. ഉത്തരം കേട്ടപ്പോൾ ഒട്ടും ഞെട്ടിയില്ല കാരണം രമേഷ് പിഷാരടി. അവനെ പണ്ടേ തൊട്ട് എനിക്കറിയാം. മിടുക്കനാ. കാവലിനായി ഒരു ജനത ഒന്നടങ്കം അങ്ങയുടെ കൂടെയുള്ളപ്പോൾ പ്രിയപ്പെട്ട മമ്മൂക്കാ ഈ സിനിമ നാളെ ഉറപ്പായും കളം പിടിക്കും‘, എന്നായിരുന്നു നാദിര്‍ഷയുടെ വാക്കുകള്‍.
ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വെഫെറര്‍ ഫിലിംസ് ആണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണ് കളങ്കാവല്‍. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.