
അങ്ങനെ 2025 അവസാനിക്കാൻ പോവുകയാണ്. മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച വർഷമാണ് കടന്നു പോകുന്നത്. ഒപ്പം 300 കോടി ക്ലബ്ബെന്ന സുവർണ നേട്ടം ലോകയിലൂടെ മോളിവുഡിന് സ്വന്തമാകുകയും ചെയ്തു. വർഷം അവസാനിക്കാൻ പോകുന്നതിനോട് അനുബന്ധിച്ച് 2025ൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞ സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍. പട്ടികയിൽ ഒരേയൊരു മലയാള സിനിമ മാത്രമാണുള്ളത് എന്നത് ശ്രദ്ധേയമാണ്.
പത്ത് സിനിമകളുടെ ലിസ്റ്റാണ് ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത്. കാന്താര ചാപ്റ്റർ 1 അടക്കമുള്ള സിനിമകളും ലിസ്റ്റിലുണ്ട്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ ആണ് ലിസ്റ്റിലുള്ള ഒരേയൊരു മലയാള സിനിമ. 2024 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രമാണ് മാർക്കോ. മലയാളത്തിലെ മോസ്റ്റ് വയലൻസ് ഫിലിം എന്ന ലേബലോടെ എത്തിയ ചിത്രം കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 102.55 കോടി രൂപയാണ് ആഗോളതലത്തിൽ മാർക്കോ നേടിയ കളക്ഷൻ. ഹനീഫ് അദേനി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആയിരുന്നു നിർമിച്ചത്.
ഗൂഗിള്‍ സെര്‍ച്ചില്‍ 2025ൽ ഏറ്റവും ട്രെന്‍ഡിംഗായ സിനിമകള്‍ ചുവടെ
1. സയ്യാര
2. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍-1
3. കൂലി
4. വാര്‍ 2
5. സോനം തേരി കസം
6. മാര്‍ക്കോ
7. ഹൗസ്‌ഫുള്‍ 5
8. ഗെയിം ചേഞ്ചര്‍
9. മിസിസ്
10. മഹാവതാര്‍ നരസിംഹ