
ചെന്നൈ: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. കൂലിയുടെ തിരക്കിട്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. രജനികാന്തിന് പുറമേ നാഗാര്‍ജുന, സൗബിന്‍, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍, പൂജ ഹെഗ്ഡേ എന്നിവര്‍ ചിത്രത്തിലുണ്ട്. അടുത്തിടെ ആമിര്‍ ഖാന്‍ ചിത്രത്തില്‍ താന്‍ ഒരു പ്രധാന ക്യാമിയോ വേഷത്തില്‍ എത്തുന്നുണ്ടെന്ന് സ്ഥിരികരിച്ചിട്ടുണ്ട്.
അതേ സമയം ജൂണ്‍ 20ന് ഇറങ്ങുന്ന കുബേര എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രധാന വേഷം ചെയ്യുന്നുണ്ട് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന. ഇതിന്‍റെ പ്രമോഷന്‍ പരിപാടിയിലാണ് ഇപ്പോള്‍ താരം. ഇതിനിടെയാണ് തന്‍റെ കൂലിയിലെ വേഷം സംബന്ധിച്ച് നാഗാര്‍ജുന പറഞ്ഞത്.
"വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. കുബേരയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇത്. എന്നെ തന്നെ അവിശ്വസനീയമായ രീതിയിലാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ലോകേഷിന് വളരെയധികം നന്ദി. ഞാന്‍ ചിത്രത്തിലെ എന്‍റെ ദൃശ്യങ്ങൾ കണ്ടപ്പോൾ, ഞാൻ ശരിക്കും ചിന്തിച്ചു "അത് ശരിക്കും ഞാന്‍ തന്നെയാണോ എന്ന്?" നാഗാര്‍ജുന പറഞ്ഞു.
വിസിൽ മുഴങ്ങുന്ന ഏറെ സീനുകള്‍ നിറഞ്ഞ ഒരു സിനിമയാണിത്. രജനി സാറിനെ കൂടാതെ, കന്നഡയിൽ നിന്ന് ഉപേന്ദ്രയും ഹിന്ദി സിനിമയിൽ നിന്ന് ആമിർ ഖാനും, പിന്നെ തെലുങ്കില്‍ നിന്നും ഞാനും ഉണ്ട് - ഓരോ കഥാപാത്രത്തിനും പ്രധാന്യവും തിളങ്ങാനുള്ള സംഭവവും ഉണ്ട്. അതാണ് കൂലിയുടെ കരുത്തും, വിജയത്തിലേക്കുള്ള തുറുപ്പുചീട്ടും എന്നാണ് ഞാന്‍ കരുതുന്നത്" നാഗാര്‍ജുന പറഞ്ഞു.