
തിരുവനന്തപുരം: ജീവിതകഥ പറയുന്ന 'റോക്കട്രി ദി നമ്പി എഫക്ട്' രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ജീവിതത്തിൽ സംഭവിച്ച മുഴുവൻ കാര്യങ്ങളും സിനിമയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചെന്നൈയിലെ തിയേറ്ററിലെത്തി സിനിമ കണ്ട നമ്പി നാരാണൻ പൂർണ സംതൃപ്തൻ. ജീവിതകഥ സത്യസന്ധമായി തിരശ്ശീലയിലെത്തി. ഗഗൻയാൻ പദ്ധതിക്ക് വരെ സഹായകരമായ വികാസ് എഞ്ചിന്‍റെ കണ്ടുപിടിത്തത്തിന് കിട്ടിയ രാജ്യദ്രോഹപ്പട്ടം... സിനിമയിൽ പറയാത്ത കാര്യങ്ങളും ജീവിതത്തിലുണ്ടെന്ന് നമ്പി നാരായണൻ കൂട്ടിച്ചേർത്തു.
ആരാണ് ഈ എഞ്ചിൻ ഉണ്ടാക്കിയത്, എത്ര പാടുപെട്ടാണ് ഉണ്ടാക്കിയത്, എത്ര വർഷം കൊണ്ടാണ് ഉണ്ടാക്കിയത്, ആരൊക്കെ ഇതിന് സഹായിച്ചു, എതിർത്തു...ഇത് ജനങ്ങൾക്ക് അറിയില്ല, അവരെ അറിയിക്കാനുള്ള ഒരു ശ്രമമാണ് ഊ സിനിമയെന്ന് നമ്പി നാരായണൻ പറഞ്ഞു.
ഗൂഢാലോചനക്കേസിൽ പ്രതിയായ ആർ.ബി.ശ്രീകുമാർ, ഗുജറാത്ത് കലാപക്കേസിൽ വ്യാജരേഖ സമർപ്പിച്ചതിന് അറസ്റ്റിലായതിനെക്കുറിച്ച് ചോദിച്ചപ്പോൾ നമ്പി നാരായണന്റെ മറുപടി, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു. അന്വേഷണം തീർന്നിട്ടില്ല. ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്നും ആവശ്യമില്ലാതെ എന്തെങ്കിലും പറഞ്ഞ് അവസരം നോക്കിയിരിക്കുന്നവർക്ക് വടി കൊടുക്കണോ എന്നുമായിരുന്നു നമ്പി നാരായണന്റെ മറുചോദ്യം.
ലോകം മുഴുവൻ അറിയപ്പെടേണ്ട സിനിമ ആയതിനാലാണ് വലിയൊരു സ്റ്റാർ കാസ്റ്റ് വേണ്ടി വന്നതെന്ന് ജീവിത കഥയെഴുതിയ സംവിധായകനും റോക്കട്രീയുടെ കോ ഡയറക്ടറുമായ പ്രജേഷ് സെൻ പറഞ്ഞു. കഥയറിഞ്ഞ് ഇങ്ങോട്ട് ആവശ്യപ്പെട്ടാണ് ഷാറൂഖ് ഖാനും സൂര്യയും സിനിമയിൽ അഭിനയിച്ചതെന്ന് പ്രജേഷ് സെൻ വ്യക്തമാക്കി.