'മോഹൻലാലും മമ്മൂട്ടിയും ശശി തരൂരിന്റെ ഇംഗ്ലീഷും', സൗത്ത് ഇന്ത്യൻ ആന്തവുമായി നെറ്റ്ഫ്ലിക്സ്

By Web TeamFirst Published Jul 8, 2021, 2:35 PM IST
Highlights

തെന്നിന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യൻ ആന്തവുമായി നെറ്റ്ഫ്ലിക്സ്.

ഒടിടി പ്ലാറ്റ്‍ഫോമുകളുടെ കാലമാണ് ഇത്. നെറ്റ്ഫ്ലിക്സും ആമസോണും ഹോട് സ്റ്റാറും അടക്കമുള്ള ഒടിടി പ്ലാറ്റ്‍ഫോമുകള്‍ കൊവിഡിന്റെ വരവോടെ ഏറ്റവും ജനപ്രിയമായി മാറുകയാണ് ഉണ്ടായത്. തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ് കുറേക്കാലമായി രാജ്യത്തുതന്നെ പലയിടത്തും. ഇപ്പോഴിതാ ഒടിടി ഭീമൻമാരായ നെറ്റ്‍ഫ്ലിക്  തെന്നിന്ത്യൻ പ്രേക്ഷകരെ പ്രത്യേകമായി ലക്ഷ്യമിട്ട് പ്രാദേശികമായ ഭാഷകളില്‍ കഥ പറയുമെന്ന് വ്യക്തമാക്കി സൗത്ത് ഇന്ത്യൻ ആന്തവുമായി എത്തിയിരിക്കുന്നു.

‘നമ്മ സ്റ്റോറീസ്’ എന്ന റാപ് ആന്തത്തില്‍ മലയാളികളുടെ പ്രതിനിധിയായി നീരജ് മാധവ് ആണ് ഉള്ളത്. . നൂറ് ശതമാനം സാക്ഷരത, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം, റസൂല്‍ പൂക്കൂട്ടിയുടെ ഓസ്‌കാര്‍ നേട്ടം, മോഹന്‍ലാല്‍, മമ്മൂട്ടി, കഥകളി, വള്ളംകളി തുടങ്ങിയവയൊക്കെയാണ് നീരജ് മാധവിന്റെ വരികളില്‍ ഉള്ളത്. അറിവ്, സിരി, ഹനുമാന്‍ കൈന്‍ഡ് എന്നിവരാണ് ആന്തത്തില്‍ വരുന്ന മറ്റ് പ്രമുഖര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രേക്ഷകരോട് സംവദിക്കാന്‍ പ്രത്യേക ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇപോള്‍ ആന്തവും പുറത്തുവിട്ടിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിന്റെ പ്രധാന സീരീസുകളിലൊന്നായ നാര്‍കോസിലെ പാബ്ലോ എസ്‌കോബാറിനെ മുണ്ടുടുപ്പിച്ചാണ് ആദ്യം ഇതുസംബന്ധിച്ച് നെറ്റ്ഫ്ലിക്സ് സൂചന നല്‍കിയത്. തുടര്‍ന്ന് പ്രാദേശിക ഭാഷകള്‍ സൂചിപ്പിച്ചുള്ള ട്വീറ്റുകളും വന്നു തുടങ്ങി. ഇപോള്‍ എന്തായാലും സൗത്ത് ഇന്ത്യൻ ആന്തവും പുറത്തുവിട്ടിരിക്കുകയാണ്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള തദ്ദേശീയമായ കഥകള്‍ ഇനി നെറ്റ്ഫ്ലിക്സില്‍ കാണാമെന്ന് തന്നെയാണ്  സൗത്ത് ഇന്ത്യൻ ആന്തം സൂചിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!