
മമ്മൂട്ടിയെ (Mammootty) നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്യുന്ന സിനിമ വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു. 'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal Nerathu Mayakkam) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'മമ്മൂട്ടി കമ്പനി' (Mammootty Company) എന്നാണ് പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം.
തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. നാല്‍പത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. മലയാളത്തിലെ നവനിരയില്‍ ഏറെ പരീക്ഷണാത്മകതയും തനത് ശൈലിയും പുലര്‍ത്തുന്ന സംവിധായകനൊപ്പം ആദ്യമായി മമ്മൂട്ടി എത്തുന്നു എന്നത് പ്രോജക്റ്റിനെക്കുറിച്ച് ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഇനിയും തിയറ്ററുകളിലെത്താനുള്ള ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്.
മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്ന രണ്ട് പ്രോജക്റ്റുകള്‍ വരാനിരിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇനിയൊരു ചിത്രം എംടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്‍ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രമാണ്. എംടിയുടെ 'കടുഗണ്ണാവ ഒരു യാത്ര' എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ചെയ്യാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫീച്ചര്‍ ചിത്രം മമ്മൂട്ടിയാവും നിര്‍മ്മിക്കുകയെന്നും. നേരത്തെ 'പ്ലേ ഹൗസ് പിക്ചേഴ്സ്' എന്ന ബാനറില്‍ മമ്മൂട്ടി സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്‍തിട്ടുണ്ട്.
'കടുഗണ്ണാവ ഒരു യാത്ര'; എംടി, ലിജോ, മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം
അതേസമയം ഏറെയും പ്രതീക്ഷയുണര്‍ത്തുന്ന ഒരുനിര ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്നത്. അമല്‍ നീരദിന്‍റെ ഭീഷ്‍മപര്‍വ്വം, നവാഗത സംവിധായിക റത്തീന ഷര്‍ഷാദിന്‍റെ പുഴു, സിബിഐ സിരീസിലെ അഞ്ചാം ചിത്രം. കെട്ട്യോളാണ് എന്‍റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്‍റെ ചിത്രം, മാമാങ്കത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയ്ക്കൊപ്പം ഒരു തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി പുറത്തെത്താനുണ്ട്. അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്‍റ് ആണ് ഈ ചിത്രം. ചിത്രത്തില്‍ പ്രതിനായകനാണ് മമ്മൂട്ടി. ഇതിന്‍റെ ഹംഗറി ഷെഡ്യൂളിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ