കാത്തിരിപ്പ് ഉയര്‍ത്തി 'നന്‍പകല്‍' ട്രെയ്‍ലര്‍, ട്രെന്‍ഡിംഗ് നമ്പര്‍ 1; നന്ദി പറഞ്ഞ് മമ്മൂട്ടി

Published : Dec 26, 2022, 02:53 PM IST
കാത്തിരിപ്പ് ഉയര്‍ത്തി 'നന്‍പകല്‍' ട്രെയ്‍ലര്‍, ട്രെന്‍ഡിംഗ് നമ്പര്‍ 1; നന്ദി പറഞ്ഞ് മമ്മൂട്ടി

Synopsis

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയാണ് മമ്മൂട്ടിയുടെ കഥാപാത്രം

പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്‍ത നന്‍പകല്‍ നേരത്ത് മയക്കം. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതോടെ ചിത്രം കണ്ടിട്ടില്ലാത്ത ബഹുഭൂരിപക്ഷം സിനിമാപ്രേമികളിലും ചിത്രം സൃഷ്ടിച്ച പ്രതീക്ഷകള്‍ വാനോളമാണ്. ഒടിടിയിലൂടെയല്ല, മറിച്ച് ചിത്രത്തിന് തിയറ്റര്‍ റിലീസ് തന്നെ ഉണ്ടാവുമെന്നാണ് നിര്‍മ്മാതാക്കള്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. ചിത്രത്തിന്‍റെ സെന്‍സറിംഗും പൂര്‍ത്തിയായിട്ടുണ്ട്. സിനിമാപ്രേമികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി  ഇന്നലെ പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബില്‍ നിലവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 ആണ് ട്രെയ്‍ലര്‍.

21 മണിക്കൂര്‍ സമയം കൊണ്ട് 8 ലക്ഷത്തിലേറെ കാഴ്ചകളാണ് ട്രെയ്‍ലറിന് ലഭിച്ചത്. സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും.

ALSO READ : ക്രിസ്‍മസ് ദിനത്തില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്; ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകള്‍

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്‍റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്‍റേതാണ് ഛായാഗ്രഹണം. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ വേഷവുമാണ് നന്‍പകലിലെ ജയിംസ്. അതേസമയം  ഉടന്‍ എത്തും എന്നല്ലാതെ റിലീസ് തീയതി സംബന്ധിച്ച അറിയിപ്പ് എത്തിയിട്ടില്ല. ഇതിന്‍റെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്