
മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് നസ്ലെൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നസ്ലെൻ പിന്നീട് കുരുതി, ഹോം, സൂപ്പർ ശരണ്യ തുടങ്ങീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ മലയാളത്തിൽ സജീവമാവുകയും പ്രേമലു എന്ന ചിത്രത്തിലൂടെ മലയാളത്തിലെ യുവതാരപദവിയിലേക്ക് ഉയർന്നുവരികയും ചെയ്ത നടനാണ്. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ലോകയിലും പ്രധാന വേഷമായിരുന്നു നസ്ലെൻ ചെയ്തിരുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആണ് നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇത് കൂടെ മമ്മൂട്ടിയുടെ കൂടെ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ, ജിത്തു മാധവൻ- സൂര്യ ചിത്രം, തരുൺ മൂർത്തി- ഫഹദ് ഫാസിൽ ചിത്രം, ആസിഫ് അലിയെ നായകനാക്കി രോഹിത് വിഎസ് ഒരുക്കുന്ന ടിക്കി ടാക്ക തുടങ്ങിയവയിലെല്ലാം നസ്ലെൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അതിൽ തന്നെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് ഖാലിദ് റഹ്മാൻ- മമ്മൂട്ടി ചിത്രമായ മട്ടാഞ്ചേരി മാഫിയ. നേരത്തെ മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിക്കാൻ അവസരമുണ്ടായിരുന്നുവെന്നാണ് നസ്ലെൻ പറയുന്നത്. സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കിയ മകൾ എന്ന ചിത്രത്തിൽ ആദ്യം പ്ലാൻ ചെയ്തിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്നും പിന്നീടാണ് ജയറാം കാസ്റ്റ് ചെയ്യപ്പെട്ടതെന്നും നസ്ലെൻ പറയുന്നു. ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ നസ്ലെനും എത്തിയിരുന്നു.
"ഇതിന് മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. മകള്‍ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്. പക്ഷേ പിന്നീടത് ഡേറ്റിന്റെ പ്രശ്‌നവും മറ്റ് പരിപാടികളും കാരണം മാറിപ്പോയി. എനിക്ക് തോന്നുന്നത് ഇതായിരിക്കും ചിലപ്പോള്‍ അതിന്റ കറക്ട് ടൈം." നസ്ലെൻ പറയുന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ അഭിമുഖത്തിനിടെയായിരുന്നു നസ്ലെന്റെ പ്രതികരണം.
അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന മോളിവുഡ് ടൈംസ് ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ