
നാടകമേഖലയ്ക്കുള്ള കൊവിഡ് കൈത്താങ്ങ് എന്ന നിലയില്‍ കേരള സംഗീത നാടക അക്കാദമിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പില്‍ വീഴ്ചയും പക്ഷപാതിത്വവും ആരോപിച്ച് നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടക്. കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ നടപ്പാക്കാന്‍ മറ്റെല്ലാ സമിതികളോടും കാര്‍ക്കശ്യം പ്രകടിപ്പിച്ച അക്കാദമി ചലച്ചിത്ര, നാടക സംവിധായകനായ സുവീരനുവേണ്ടി മാത്രം ഇളവുകള്‍ അനുവദിക്കുകയാണെന്ന് നാടക് ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി സംഗീത നാടക അക്കാദമി സെക്രട്ടറിക്ക് സംഘടന കത്തയച്ചിട്ടുമുണ്ട്.
നാടക മേഖലയ്ക്കുള്ള കൊവിഡ്‍കാല സമാശ്വാസം എന്ന നിലയില്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കി 25 നാടകങ്ങള്‍ നിര്‍മ്മിക്കാനുള്ളതായിരുന്നു സംഗീത നാടക അക്കാദമിയുടെ പ്രോജക്റ്റ്. 70ല്‍ കൂടുതല്‍ അപേക്ഷകളില്‍ നിന്നാണ് അക്കാദമി 25 നാടകങ്ങള്‍ പ്രോജക്റ്റിലേക്ക് തെരഞ്ഞെടുത്തത്. അക്കാദമിയുടെ ആദ്യ രണ്ട് പ്രദര്‍ശനങ്ങള്‍ക്കു ശേഷം മാത്രമേ മറ്റ് അവതരണങ്ങള്‍ നടത്താവൂ എന്നായിരുന്നു അക്കാദമിയുടെ കരാറിലെ പ്രധാന നിബന്ധനകളില്‍ ഒന്ന്. ആറ് മാസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ അക്കാദമി പരാജയപ്പെട്ടുവെന്നും അത് മിക്ക ട്രൂപ്പുകള്‍ക്കും സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുവെന്നും നാടക് സെക്രട്ടറി ജെ ശൈലജ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. "2 ലക്ഷമാണ് ഒരു സമിതിക്കുള്ള ധനസഹായം. പക്ഷേ പറഞ്ഞ സമയത്ത് ഷോ നടക്കാത്തതിനാല്‍ പലരും 3- 4 ലക്ഷം രൂപയ്ക്ക് കടക്കാരാണ് ഇപ്പോള്‍. മൂന്നും നാലും പ്രാവശ്യം മാറ്റിവച്ചിരുന്നു നാടകാവതരണങ്ങള്‍. ആ സമയത്ത് പുറത്തുനിന്നു വന്ന ഓഫറുകള്‍ സ്വീകരിച്ച് നാടകാവതരണങ്ങള്‍ നടത്താനും അക്കാദമി സമ്മതിച്ചില്ല. കരാര്‍ പറഞ്ഞ് പേടിപ്പിച്ചു". മറ്റൊരു നാടക സംഘത്തിനും കിട്ടാത്ത ആനുകൂല്യമാണ് നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി അക്കാദമി സുവീരന് നല്‍കുന്നതെന്നും ശൈലജ ആരോപിക്കുന്നു.
കരാറിലുള്ള മൂന്ന് നിബന്ധനകള്‍ സുവീരന്‍ ലംഘിച്ചുവെന്നും ഇതിന് അക്കാദമിയുടെ മൗനാനുവാദമുണ്ടെന്നും നാടക് ആരോപിക്കുന്നു. അക്കാദമി ആദ്യം തെരഞ്ഞെടുത്ത നാടകമല്ല സുവീരന്‍ ഇപ്പോള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നതാണ് അതില്‍ ആദ്യത്തേത്. സുവീരന്‍റെ നാടക സംഘമായ ബാക്ക് സ്റ്റേജിന്‍റേതായി ജാരന്‍ എന്ന നാടകമാണ് അക്കാദമി ആദ്യം തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അവര്‍ ഇപ്പോള്‍ അവതരിപ്പിക്കാനിരിക്കുന്നത് അമേരിക്കന്‍ നാടകകൃത്തായ വില്‍ എനോയുടെ 'ബേസ്‍ഡ് ഓണ്‍ നത്തിംഗി'നെ ആസ്പദമാക്കിയുള്ള ഏകാംഗ നാടകമാണ്. സോളോ പെര്‍ഫോമന്‍സുകള്‍ക്കായി അക്കാദമിയുടെ മറ്റൊരു പ്രോജക്റ്റ് നിലവിലുണ്ടെന്നും അതിനുള്ള ധനസഹായം 30,000 രൂപയാണെന്നും ശൈലജ പറയുന്നു. അക്കാദമിയുടെ അവതരണങ്ങള്‍ക്കു മുന്‍പ് ടിക്കറ്റ് വച്ച് ബാക്ക് സ്റ്റേജ് നാടകാവതരണം നടത്തുന്നു എന്നാണ് നാടക് ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത. ഇത് മറ്റെല്ലാ ട്രൂപ്പുകള്‍ക്കും അക്കാദമി നിഷേധിച്ച അവസരമാണെന്ന് ശൈലജ ആരോപിക്കുന്നു.
കരാർ ഉണ്ടാക്കിയവർ തന്നെ അത് തെറ്റിക്കാൻ കൂട്ട് നിൽക്കുന്നതിൻ്റെ ന്യായം അക്കാദമി നാടക സമൂഹത്തോട് തുറന്നു പറയണമെന്നാണ് നാടക് കത്തില്‍ ആവശ്യപ്പെടുന്നത്. "നാടക കലാകാരന്മാര്‍ക്കിടയില്‍ ഉച്ചനീചത്വം സൃഷ്ടിക്കുന്ന അക്കാദമിയുടെ നിലപാട് അവസാനിപ്പിക്കണം. സർക്കാർ സാമ്പത്തിക സഹായവും അവസരങ്ങളും അർഹതപ്പെട്ട എല്ലാ കലാകാരന്മാര്‍ക്കും തുല്യതയോടെ നൽകാനുള്ള മാതൃകാപരമായ പ്രവർത്തനമാണ് അക്കാദമി നടത്തേണ്ടത്. നിരന്തരം ചൂണ്ടി കാണിച്ചിട്ടും പക്ഷപാതപരമായ തീരുമാനങ്ങൾ എടുക്കുന്നത് കലാ സമൂഹത്തിൻ്റെ ഐഡൻ്റിറ്റിയെ ചോദ്യം ചെയ്യലാണ്. ബാക് സ്റ്റേജിൻ്റെ നാടകം കരാർ ലംഘിച്ചതിൻ്റെ അടിസ്ഥാനത്തിൽ അക്കാദമി അവതരണത്തിൽ നിന്നും അവരെ മാറ്റി നിർത്തുകയും ആ സംഘത്തിന് എതിരെ കരാർ ലംഘിച്ചതിനുള്ള നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യുക. ഈ വിഷയത്തിൽ ഗൗരവത്തോടെയുള്ള നിരീക്ഷണവും നടപടിയും ഉടനടി ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു", അക്കാദമി സെക്രട്ടറിക്ക് അയച്ച കത്തില്‍ നാടക് ആവശ്യപ്പെടുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ