'ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല, ഫയൽസിനും പൈൽസിനുമാണ് അവിടെ പുരസ്കാരം'; ദേശീയ പുരസ്കാരത്തെ പരിഹസിച്ച് മലയാളം ജൂറി ചെയർമാൻ പ്രകാശ് രാജ്

Published : Nov 03, 2025, 05:08 PM IST
Prakash raj Mammootty

Synopsis

2024 ലെ മലയാള ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ വിമർശനം, ദേശീയ അവാർഡുകൾ മമ്മൂട്ടിക്ക് ലഭിക്കാത്തതടക്കം മുൻനിർത്തിയാണ് പ്രകാശ് രാജിന്‍റെ വിമർശനം

തൃശൂർ: ദേശീയ പുരസ്കാരത്തെ പരിഹസിച്ച് മലയാള ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാൻ പ്രകാശ് രാജ്. ദേശീയ അവാർഡുകൾ മമ്മൂട്ടിക്ക് ലഭിക്കാത്തതടക്കം മുൻനിർത്തിയാണ് പ്രകാശ് രാജിന്‍റെ പരിഹാസം. 'ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല' എന്നാണ് പ്രകാശ് രാജ് പറഞ്ഞുവച്ചത്. ഫയൽസിനും പൈൽസിനുമാണ് അവിടെ പുരസ്കാരം ലഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2024 ലെ മലയാള ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ വിമർശനം. 55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ് ലഭിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി, ഒരിക്കൽ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്‍റെ വിമർശനം.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് പ്രഖ്യാപിച്ചത്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിന്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാര്‍. ജ്യോതിര്‍മയി (ബൊഗൈൻവില്ല), ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്), ടൊവിനോ (എ ആര്‍ എം), ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

അവാർഡുകൾ വാരിക്കൂട്ടി 'മഞ്ഞുമ്മലിലെ പിള്ളേർ'

ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ്. പത്ത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ - ചിദംബരം , മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടൻ. മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി. മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ. മികച്ച ശബ്ദരൂപകൽപന- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ, മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യർ പോയറ്റിക് ഓഫ് ഹോം സിനിമ തുടങ്ങീ വിഭാഗങ്ങളിലാണ് പുരസ്‍കാരങ്ങൾ. "വെരി ഗ്രേറ്റ്ഫുൾ, ഇത്രയും നമ്മൾ പ്രതീക്ഷിച്ചില്ല. സിനിമയിലെ എല്ലാ ടെക്‌നീഷ്യൻസിനുമുള്ള അവാർഡാണിത്. നന്ദി, എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ." ചിദംബരം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെ പറഞ്ഞു. 2024 ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലർ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ
ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം