
നവാഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഷംല ഹംസ. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിൽ മാത്രമായിരുന്നു ഷംല മുൻപ് അഭിനയിച്ചത്. ഫെമിനിച്ചി ഫാത്തിമയുടെ ഐഎഫ്എഫ്കെ പ്രീമിയറിൽ കൈക്കുഞ്ഞുമായി എത്തിയ ഷംല അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു . കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോഴായിരുന്നു ഷംല ചിത്രത്തിൽ അഭിനയിച്ചത്. തൃത്താല പട്ടാമ്പി സ്വദേശിയാണ്.
പുരുഷാധികാരത്തിന്റെയും മത പൗരോഹിത്യത്തിന്റെയും ഇടയിൽപ്പെട്ട് ഞെരുങ്ങുന്ന ഒരു സ്ത്രീയുടെ സഹനങ്ങളും, സ്വാതന്ത്ര്യ പ്രഖ്യാപനവും അയത്ന ലളിതമായി അനുഭവിപ്പിച്ച അഭിനയമികവിനാണ് പുരസ്കാരം എന്നാണ് സാംസ്കാരിക മന്ത്രി അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് ആണ് മികച്ച നവാഗത സംവിധായകനുള്ള ഇത്തവണത്തെ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് മനോഹരമായ ചിത്രമെന്ന അഭിപ്രായമാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ചിത്രം ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് കഥ പറയുന്നത്. അത് കൊണ്ട് തന്നെ കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കുമുൾപ്പെടെ മികച്ചൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിച്ചത്
റിയലിസ്റ്റിക് ആയി കഥ പറയുന്ന ചിത്രം ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങൾക്കും കഥാസന്ദർഭങ്ങൾക്കുമൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിലൂടെ വളരെ സാമൂഹിക പ്രസക്തമായ ആശയങ്ങൾ പലതും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ഒരു പഴയ "കിടക്ക" ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വകളാരെ സരസമായി മുന്നോട്ട് പോകുന്നത്.
IFFK FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് - IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.