
പൂര്‍ണ്ണത എന്നൊന്നില്ലെന്നും അതിലേക്ക് എത്താനുള്ള പ്രയത്നം ഒരിക്കലും അവസാനിപ്പിക്കരുതെന്നും ബോധ്യമുള്ള ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തിലാണ് മമ്മൂട്ടി. തേച്ചു മിനുക്കിയാല്‍ ഇനിയും തിളങ്ങുമെന്ന് മലയാളികള്‍ക്ക് മുന്നില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി തെളിയിച്ചുകൊണ്ടേയിരിക്കുന്ന ബിഗ് സ്ക്രീനിന്‍റെ പ്രിയപുത്രന്‍. അനേകമനേകം തവണ തേച്ചുമിനുക്കപ്പെട്ട ആ പ്രതിഭയുടെ ഒരു മിന്നലാട്ടത്തിനാണ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. മോളിവുഡിന്‍റെ പുതിയ ഹൊറര്‍ ബ്രാന്‍ഡ് ആയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചതിന്.
പുതുമുഖ സംവിധായകര്‍ക്കൊപ്പം മമ്മൂട്ടി ചേരുമ്പോള്‍ മിക്കപ്പോഴും സംഭവിക്കാറുള്ള ഒരു മാജിക് ഉണ്ട്. ആദ്യ ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് നല്‍കുന്നത് അവരെ സംബന്ധിച്ച് കരിയര്‍ മാറ്റിമറിക്കാനുള്ള സാധ്യതയാണെങ്കില്‍ അതിലും ആവേശത്തോടെയാണ് അത്തരം അവസരങ്ങളെ മമ്മൂട്ടി കാണാറ്. മുന്‍പൊരിക്കലും ചെയ്യാത്ത ഒന്ന് ചെയ്യാനുള്ള സാധ്യതയാണ് അതില്‍ അദ്ദേഹം അന്വേഷിക്കുന്നത്. ഭ്രമയുഗത്തിലെ പോറ്റിയും മമ്മൂട്ടിയെ സംബന്ധിച്ച് അത്തരത്തില്‍ ഒന്നായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ എടുത്ത ചിത്രത്തില്‍ പുരാതമന കേരളത്തിലെ ഒരു തകര്‍ന്ന മനയുടെ പൂമുഖത്തെ ചാരുകസേരയില്‍ ഇരുന്ന് ചിരിച്ച കൊടൂര ചിരിയിലുണ്ട് ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടി നടന്നുകയറിയ കൊടുമുടിയുടെ ഉയരം.
മമ്മൂട്ടിയെ സംബന്ധിച്ച് ഇത് മികച്ച നടനുള്ള ഏഴാമത്തെ സംസ്ഥാന അവാര്‍ഡ് ആണ്. ഏറ്റവുമധികം തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടനെന്ന റെക്കോര്‍ഡും ഇനി മമ്മൂട്ടിക്കാണ്. ഐ വി ശശിയുടെ സംവിധാനത്തില്‍ 1984 ല്‍ പുറത്തിറങ്ങിയ അടിയൊഴുക്കുകളിലൂടെയാണ് അദ്ദേഹത്തിന്‍റെ ആദ്യ സംസ്ഥാന പുരസ്കാരം. പിന്നീട് ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് 1989 ലും വിധേയന്‍, പൊന്തന്‍ മാട, വാല്‍സല്യം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് 1993 ലും കാഴ്ചയിലെ പ്രകടനത്തിന് 2004 ലും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥയ്ക്ക് 2009 ലും നന്‍പകല്‍ നേരത്ത് മയക്കത്തിന് 2022 ലും ഇതേ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോള്‍ ഭ്രമയുഗത്തിനും. അഭിനയത്തിന് മറ്റൊരു സംസ്ഥാന അവാര്‍ഡ് കൂടി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1981 ല്‍ ലഭിച്ച മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരമാണ് അത്. അഹിംസ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു ഇത്.
മൂന്ന് തവണ ദേശീയ പുരസ്കാരങ്ങളും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങള്‍ക്ക് 1989 ലും പൊന്തന്‍മാട, വിധേയന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1993 ലും ഡോ. ബാബാസാഹേബ് അംബേദ്കറിലെ പ്രകടനത്തിന് 1998 ലുമാണ് മമ്മൂട്ടിയുടെ ദേശീയ പുരസ്കാരങ്ങള്‍.