
ഹൈദരാബാദ്: വളരെക്കാലത്തിന് ശേഷമാണ് തെലുങ്ക് സിനിമ ലോകത്തേക്ക് മികച്ച നടനുള്ള പുരസ്കാരം എത്തുന്നത്. തെലുങ്ക് സിനിമ ലോകം ബണ്ണി എന്ന് വിളിക്കുന്ന അല്ലു അര്‍ജുന്‍ 69മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്കാരം നേടുമ്പോള്‍ അത് തീര്‍ത്തും അപ്രതീക്ഷിതമാണ് എന്ന് പറയാം. അന്തിമഘട്ടത്തിലാണ് അല്ലു ശക്തമായി മത്സര രംഗത്തുള്ള കാര്യം വ്യക്തമായത്. ഒടുക്കം നാഷണല്‍ മീഡിയ സെന്‍ററില്‍ ജൂറി ചെയര്‍മാന്‍ കേതന്‍ മേത്ത അവാര്‍ഡും പ്രഖ്യാപിച്ചു.
ആന്ധ്രയിലെ ഉള്‍കാടുകളില്‍ നിന്നും ചന്ദനം മുറിച്ച് കടത്തുന്ന പുഷ്പരാജ് എന്ന കാട്ടുകള്ളനായാണ് സുകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രത്തില്‍ അല്ലു അഭിനയിക്കുന്നത്. മൈത്രി മൂവിമേക്കേര്‍സ് നിര്‍മ്മിച്ച ചിത്രം കൊവിഡ് തരംഗത്തിന് ശേഷം വന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു. 350 കോടിയിലേറെ ചിത്രം നേടി. അതേ സമയം വളരെ റോ ആയ അല്ലുവിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സാധാരണയായി ചോക്ലേറ്റ് ബോയി കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള നടനാണ് ആരാധകര്‍ സ്റ്റെലിഷ് സ്റ്റാര്‍ എന്ന് വിളിക്കുന്ന അല്ലു. എന്നാല്‍ തന്‍റെ സ്ഥിരം സ്റ്റെലുകള്‍ എല്ലാം തന്നെ പുഷ്പയില്‍ അല്ലു മാറ്റിവയ്ക്കുന്നു. പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന. എന്ത് സാഹസത്തിനും മുതിരുന്ന 'കാടിന്‍റെ മകന്‍' റോളില്‍ പുഷ്പ ദ റൈസില്‍ അല്ലു തകര്‍ത്തു. പതിവ് രീതികള്‍ എല്ലാം മാറ്റിവച്ച അവാര്‍ഡ് നിര്‍ണ്ണായത്തില്‍ ഒടുവില്‍ അല്ലുവിനും അവാര്‍ഡ് ലഭിച്ചു.
ആദ്യഘട്ടത്തില്‍ മലയാളത്തില്‍ നിന്ന് നായാട്ടിലെ അഭിനയത്തിന് ജോജു, റോക്രട്ടറിയിലെ അഭിനയത്തിന് ആര്‍ മാധവന്‍, കശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേര്‍ എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്. എന്നാല്‍ പിന്നീട് ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് രാം ചരണിന്‍റെ പേരും കേട്ടു തുടങ്ങി. പിന്നീടാണ് അപ്രതീക്ഷിതമായി അല്ലുവിന്‍റെ പേര് കടന്നുവന്നത്.
എന്തായാലും പക്ക കൊമേഷ്യലായ ഒരു ചിത്രത്തിലെ കഥാപാത്രം മികച്ച നടനാകുന്നത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചേക്കും. എന്തായാലും ഈ അവാര്‍ഡ് പുഷ്പയുടെ വരും ഭാഗമായ പുഷ്പ ദ റൂളിലും പ്രതിഫലിച്ചേക്കും. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസില്‍ അടക്കം ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ